വേമ്പനാട് കായലിൽ പുരവഞ്ചി തീപിടിച്ച് കത്തിയമർന്നു. ഞായറാഴ്ച രാത്രി എട്ടോടെ കന്നിട്ടജെട്ടിക്കു സമീപമാണ് അപകടമുണ്ടായത്. റിഫാദ് എന്നയാൾ ലീസിന് എടുത്ത പുരവഞ്ചിയാണ് കത്തിനശിച്ചത്. പുരവഞ്ചി കായലിൽ മുങ്ങിത്താഴ്ന്നു.

ആലപ്പുഴ: വേമ്പനാട് കായലിൽ കന്നിട്ടജെട്ടിക്കു സമീപം പുരവഞ്ചി തീപിടിച്ച് കത്തിയമർന്നു. പൂർണമായും കത്തിനശിച്ച പുരവഞ്ചി കായലിൽ മുങ്ങിത്താഴ്ന്നു. ഞായറാഴ്ച രാത്രി എട്ടോടെ ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു തെക്കുവശത്തായിട്ടായിരുന്നു അപകടം. സംഭവസമയത്ത് പുരവഞ്ചിയിൽ അതിഥികളുണ്ടായിരുന്നില്ല. ജീവനക്കാരുണ്ടായിരുന്നവർ അപകടം കണ്ട് ഓടിമാറി.

റിഫാദ് എന്നയാൾ ലീസിന് എടുത്ത പുരവഞ്ചിയാണ് അപകടത്തിൽപെട്ടത്. ഇരുനിലകളിലായി മൂന്നുമുറികളുള്ള, ശിതീകരിച്ച പുരവഞ്ചി പൂർണമായും കത്തിയമർന്നു. തീപടരുന്നത് കണ്ട് പുരവഞ്ചിയിലുണ്ടായിരുന്ന ജീവനക്കാർ ഓടിമാറി. ഇതിനു സമീപത്തായി മറ്റു പുരവഞ്ചികളും ഉണ്ടായിരുന്നു. തീ പടാരാൻ തുടങ്ങിയതോടെ ഇവയെല്ലാം അഴിച്ചു ദൂരെ സ്ഥലങ്ങളിലേക്കു മാറ്റിയതാണ് വൻ അപകടമൊഴിവാക്കിയത്.

അപകടമറിഞ്ഞ് ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന റോഡ് മാർഗവും ബോട്ട് മാർഗവുമാണ് അപകടസ്ഥലത്തേക്ക് എത്തിയത്. റോഡിലൂടെ എത്താൻ ശ്രമിച്ച അഗ്നിരക്ഷാസേനയുടെ വാഹനം അപകമറിഞ്ഞു സ്ഥലത്തെത്തിയ ആളുകളുടെ ഇരുചക്രവാഹനങ്ങൾക്കിടയിൽ കായൽത്തീര പ്രദേശത്തു കുടുങ്ങി. ഈ മേഖലയിലേക്ക് വഴിവെളിച്ചമില്ലാത്തതും ആളുകൾ എത്തിച്ചേരുന്നതിനു ബാധിച്ചു. ബോട്ടിലെത്തിയ അഗ്നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകമുണ്ടാക്കിയത് എന്താണെന്നതിൽ വ്യക്തതയില്ലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ പി പി പ്രശാന്ത്, മറ്റു ഉദ്യോഗസ്ഥരായ ജസ്റ്റിൻ ജേക്കബ്, ഡാനി ജോർജ്, എച്ച് പ്രശാന്ത്, പത്മകുമാർ, എച്ച് അൻസിൽ, എം മനോജ്, ശ്യാംകുമാർ, അരുൺരാജ്, വിപിൻ എസ് ദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.