Asianet News MalayalamAsianet News Malayalam

മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റിൽ വീണു, കാള‌യെ പുറത്തെടുത്ത് ഫയർഫോഴ്സ്

15 അടിയോളം വെള്ളമുള്ള കിണറ്റില്‍ നിന്നാണ് കാളയെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ കരക്കുകയറ്റിയത്.

Fire force rescue Ox from Well
Author
Pandikkad, First Published May 19, 2022, 12:34 PM IST

മലപ്പുറം: മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റിലേക്കു വീണ കാളയെ അ​ഗ്നിരക്ഷാ സേന രക്ഷിച്ച് കരക്കെത്തിച്ചു. പാണ്ടിക്കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പൂളമണ്ണയിൽ ഇന്നലെയാണ് സംഭവം. ഉബൈദ് എന്നയാളുടെ 200 കിലോ ഭാരമുള്ള കാളയാണ് അയല്‍വാസി ഇബ്രാഹിമിന്റെ കിണറ്റില്‍ വീണത്. 15 അടിയോളം വെള്ളമുള്ള കിണറ്റില്‍ നിന്നാണ് കാളയെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ കരക്കുകയറ്റിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം പ്രദീപ് ലാഡറില്‍ ഇറങ്ങി റെസ്‌ക്യൂ ബെല്‍റ്റ് ഉപയോഗിച്ച് കാളയെ ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന മറ്റു സേനാംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് അംഗം, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. ഷൈജു, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ സി എ ജംഷാദ്, വി ഫിറോസ്, പി ഇല്യാസ്, സി ശ്രീലേഷ് കുമാര്‍, ഹോംഗാര്‍ഡുമാരായ സനു, ഗണേഷ്, സുരേഷ്, അബ്ദുള്‍ സത്താര്‍, സിവില്‍ ഡിഫന്‍സ് അംഗം അബുല്‍ സൈന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 

സംസ്ഥാനത്ത് കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു, എല്ലാ ജില്ലകളിലും അലര്‍ട്ട്

 

തിരുവനന്തപുരം:  കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചു. തൃശൂർ  രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങൾ വീതമാണ് വിന്യസിപ്പിക്കുക. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്രവാതച്ചുഴിയാണ് കേരളത്തിൽ കനത്ത മഴക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കൂടുതൽ മേഘങ്ങൾ കേരള തീരത്തേക്ക് അടുക്കുകയാണ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കൂടിയതും കൂടുതൽ മഴമേഘങ്ങളെത്താൻ കാരണമാണ്. നിലവിൽ ചക്രവാതച്ചുഴി ബംഗ്ലൂരുവിന് മുകളിലേക്ക് മാറിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായത്  ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളം കയറുന്ന സ്ഥിതിയിലേക്കെത്തിയതോടെ ചങ്ങമ്പുഴ നഗറിൽ ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കോഴിക്കോട് കൊയിലാണ്ടിയിൽ മരം വീണ് മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. മഴ കനത്തതോടെ കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. 

Also Read: തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ, വലിയ ആശങ്കയെന്ന് നാട്ടുകാര്‍

അതേസമയം, ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. എട്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. ആകെ 9 മീറ്ററാണ് ഇപ്പോൾ ഉയർത്തി വച്ച് കൂടുതൽ വെള്ളം ഒഴുക്കി. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10  ആണ് ഇടമലയാറിൽ നിന്നും ലോവർപെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതോടെയാണ് ഷട്ടർ ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ്  ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്. പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മീങ്കര ഡാമിൽ ബ്ലൂ അലർട്ടാണ്.

Also Read: സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും ശക്തമായ മഴ: നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി

കനത്തമഴയില്‍ ഇരിങ്ങാലക്കുട കാറളത്തും പൂമംഗലത്തും കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കാറളം എട്ടാം വാര്‍ഡില്‍ പട്ടാട്ട് വീട്ടില്‍ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ എടക്കുളത്ത് ഊക്കന്‍ പോള്‍സണ്‍ മാത്യുവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറുമാണ് ഇടിഞ്ഞുതാഴ്ന്നത്. കാറളം പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ കണ്ടംകുളത്തി ഈനാശുവിന്റെ കിണറിന്റെ അരിക് ഇടിഞ്ഞു. എട്ടാം വാര്‍ഡില്‍ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയാണ് മഴയില്‍ തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും എവിടേയും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios