മര്‍കബുല്‍ ബുശറ എന്ന ഫൈബര്‍ വള്ളം മല്‍സ്യബന്ധനത്തിനായി വലകോരുന്നതിനിടെ തൊഴിലാളിയായ സഹീറിന്റെ കാലില്‍ റിങ് റോപ്പ് കുരുങ്ങുകയും കടലില്‍ വീഴുകയുമായിരുന്നു.

മലപ്പുറം: പരപ്പനങ്ങാടിയിൽ ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു. ആലുങ്ങല്‍ ബീച്ച് ട്രാന്‍സ് ഫോര്‍മറിന് സമീപം കുഞ്ഞിപ്പീടിയേക്കല്‍ അശ്‌റഫിന്റെ മകന്‍ സഹീര്‍ (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ മര്‍കബുല്‍ ബുശറ എന്ന ഫൈബര്‍ വള്ളം മല്‍സ്യബന്ധനത്തിനായി വലകോരുന്നതിനിടെ തൊഴിലാളിയായ സഹീറിന്റെ കാലില്‍ റിങ് റോപ്പ് കുരുങ്ങുകയും കടലില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് മുങ്ങിപ്പോയ സഹീറിനെ ഉടന്‍ തന്നെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വര്‍ഷങ്ങളായി മത്സ്യബന്ധനമാണ് സഹീറിന്റെ ഉപജീവന മാര്‍ഗം. മാതാവ് : കുഞ്ഞീബി, സഹോദരങ്ങള്‍: സൈനുല്‍ ആബിദ്, സഹീര്‍, യാസീന്‍. രണ്ടു മക്കളുമുണ്ട്.

എട്ട് ദിവസം മുൻപ് ആന്ത്രോത്ത് ദ്വീപിൽ നിന്ന് പുറപ്പെട്ടവർക്ക് രക്ഷ

മറ്റൊരു സംഭവത്തിൽ ആന്ത്രോത്ത് ദ്വീപില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട് ആഴക്കടലില്‍ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. ദ്വീപ് നിവാസികളായ ഇ. റഹ്‌മത്തുല്ല, എ. ഷംസുദ്ദീന്‍, കെ.എം. അലിഖാന്‍, പി. അനീഷ് റഹ്‌മാന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എട്ട് ദിവസം മുമ്പ് ആന്ത്രോത്ത് ദ്വീപില്‍ നിന്ന് മീന്‍പിടിത്തത്തിന് പുറപ്പെട്ടതായിരുന്നു ഇവര്‍. 

തോണിയില്‍ ഘടിപ്പിച്ച എന്‍ജിന്‍ തകരാറിലായതിനെതുടര്‍ന്ന് കടലില്‍ ഒറ്റപ്പെട്ടു. ഇ വരുടെ ഫോണുകളും പ്രവര്‍ത്തനരഹിതമായതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ പറ്റിയില്ല . കടലില്‍ ഏറെ അകലെ തോണിയും തൊഴിലാളികളും ഒഴുകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ താനൂരില്‍നിന്ന് മത്സ്യബന്ധത്തിന് പുറപ്പെട്ട ഒസാന്‍ കടപ്പുറത്തെ ആലിങ്ങല്‍ സുബൈറിന്റെ സ്വാ ബിഹ് ബോട്ടിലെ തൊഴിലാളികള്‍ ഇവരെ കണ്ടുമുട്ടിയതോടെയാണ് രക്ഷയ്ക്കുള്ള വഴിയൊരുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം