കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി
കണ്ണൂർ: കിണറ്റിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴേ ചൊവ്വയ്ക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. ആൾത്താമസമില്ലാത്ത വീടാണിത്. പുരുഷന്റെ മൃതേദഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. മരിച്ചതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ
തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം കടയ്ക്കൽ സ്വദേശികളായ ബീമ റിയാസ് ദന്പതികളുടെ രണ്ടു വയസുള്ള പെൺകുഞ്ഞാണ് മരിച്ചത് . സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കടയ്ക്കൽ സ്വദേശികളായ ബീമ റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമയാണ് മരിച്ചത് . ഉച്ചയ്ക്ക് തൊട്ടിലിൽ ഉറക്കാൻ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത് . പിന്നീട് നാല് മണിക്ക് ശേഷം കുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. കൂഞ്ഞിന്റെ ശരീരം തണുത്തിരിക്കുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക പരിശോധനയിൽ സംശയികരമായ ഒന്നും കണ്ടെത്തിയില്ലെന്നാണ് കടക്കൽ പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി .
ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
തൃശ്ശൂർ ശ്രീനാരായണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയിൽ വീട്ടിൽ ഹംസയുടെ മകൻ ഫദൽ (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ഫദലും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്. ഇവർ ഒരുമിച്ച് നീന്തുന്നതിനിടെ ഫദൽ മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടത്താനായില്ല. തുടർന്ന് മതിലകം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം നേരം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. എം ഇ എസ് അസ്മാബി കോളേജിലെ രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്നു ഫദൽ. കോളേജിനടുത്ത് പ്രൈവറ്റ് ഹോസ്റ്റലിൽ നിന്ന് പഠിച്ച് വരികയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
