എന്‍.പി. മോഹനനും 27 സുഹൃത്തുക്കളും ചേര്‍ന്നാണ് യാത്ര ആസൂത്രണം ചെയ്തത്. 2023ല്‍ കോഴിക്കോട് നിന്ന് ഡല്‍ഹി വഴി ശ്രീനഗറിലേക്ക് പോകാനായി നാലു മാസം മുമ്പുതന്നെ ഇവര്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഗോ ഫസ്റ്റ് വിമാനക്കമ്പനി സര്‍വീസ് നിര്‍ത്തിവെച്ച വിവരം മേക്ക് മൈ ട്രിപ്പ് യാത്രക്കാരെ അറിയിച്ചില്ല.

മലപ്പുറം: വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കാത്തതിന് ഓൺലൈൻ ട്രാവൽ ഏജൻസിയായ മേക്ക് മൈ ട്രിപ്പ് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. നിലമ്പൂര്‍ സ്വദേശിയായ എന്‍.പി. മോഹനനും സുഹൃത്തുക്കളും നല്‍കിയ പരാതിയിലാണ് നടപടി.

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച എന്‍.പി. മോഹനനും 27 സുഹൃത്തുക്കളും ചേര്‍ന്നാണ് യാത്ര ആസൂത്രണം ചെയ്തത്. 2023ല്‍ കോഴിക്കോട് നിന്ന് ഡല്‍ഹി വഴി ശ്രീനഗറിലേക്ക് പോകാനായി നാലു മാസം മുമ്പുതന്നെ ഇവര്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് സര്‍വിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനി സര്‍വീസ് നിര്‍ത്തിവെച്ച വിവരം മേക്ക് മൈ ട്രിപ്പ് യാത്രക്കാരെ അറിയിച്ചില്ല. പിന്നീട് യാത്രയ്ക്കിടെയാണ് വിമാന സര്‍വീസ് ലഭ്യമല്ലെന്ന കാര്യം ഇവര്‍ അറിഞ്ഞത്. ഇതോടെ സ്വന്തം നിലയില്‍ പണം കണ്ടെത്തി മറ്റ് യാത്രാസൗകര്യങ്ങള്‍ ഒരുക്കേണ്ടിവന്നു. പല ദിവസങ്ങളിലായാണ് സംഘം ശ്രീനഗറിലെത്തിയത്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടവും യാത്രാതടസ്സവും മാനസിക ബുദ്ധിമുട്ടും ഉണ്ടായതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.

വിമാന സര്‍വീസ് മുടങ്ങുന്നത് സാധാരണ സംഭവമാണെന്നും എന്നാൽ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പകരം യാത്രാസൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തം കമ്പനിക്കുണ്ടെന്നും പരാതിക്കാര്‍ വാദിച്ചു. യാത്രയ്ക്ക് നാലു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സര്‍വീസ് റദ്ദാക്കിയ വിവരം അറിയിക്കാത്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും പരാതിയില്‍ വ്യക്തമാക്കി.പരാതി പരിഗണിച്ച കമ്മിഷന്‍ കമ്പനിയുടെ നടപടി അന്യായവും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തി. 40 ദിവസത്തിനകം പരാതിക്കാര്‍ക്ക് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. നിശ്ചിത സമയത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം. കമ്മിഷന്‍ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസും അംഗങ്ങളായ സി. പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവരടങ്ങിയ സമിതിയാണ് ഉത്തരവിട്ടത്.