മനുഷ്യരോട് കടുത്ത പകയോടെ പെരുമാറുന്ന ആനയെ നാള്‍ക്കുനാള്‍ ചെല്ലുംതോറും അപകടകാരിയായി മാറുകയാണെന്ന് പ്രദേശവാസികള്‍. ഓവാലിയിലെ ബാലകൃഷ്ണനെ തേടി വനംവകുപ്പ്

സുല്‍ത്താന്‍ ബത്തേരി: തമിഴ്‌നാട് നീലഗിരി ജില്ലയില്‍ ഓവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പന്ത്രണ്ട് പേരുടെ ജീവനെടുത്ത ആനയെ പിടിക്കാന്‍ ഒടുവില്‍ തമിഴ്‌നാട് വനംവകുപ്പ് രംഗത്ത്. പ്രാദേശികമായി ഉയര്‍ന്ന വലിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് രണ്ട് ദിവസമായി താപ്പാനകളെയും കൊണ്ട് കാടിനുള്ളില്‍ കൊലയാളി ആനയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തി വരുന്നത്. ബാലകൃഷ്ണനെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആന അടുത്ത കാലത്ത് തുടരെ തുടരെ നാല് പേരെ കൊലപ്പെടുത്തിയതോടെയാണ് വനംവകുപ്പില്‍ സമര്‍ദ്ദമേറിയത്. മനുഷ്യരോട് കടുത്ത പകയോടെ പെരുമാറുന്ന ആനയെ നാള്‍ക്കുനാള്‍ ചെല്ലുംതോറും അപകടകാരിയായി മാറുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മുതുമല തെപ്പക്കാട് ആനപ്പന്തിയില്‍ നിന്നുള്ള നാല് താപ്പാനകളെ ബാര്‍വുഡില്‍ എത്തിച്ചതിന് പുറമെ ആനയെ മയക്കുവെടി വെച്ച് തളക്കുന്നതിനായി ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ 60 പേരടങ്ങുന്ന സ്‌പെഷ്യല്‍ ടീമും ദൗത്യത്തിലുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ ആനയെ പിടികൂടാന്‍ സാധിക്കുമെന്നാണ് സംഘം നല്‍കുന്ന സൂചന.

പിടികൂടണം, റേഡിയോ കോളർ വാങ്ങണം

ആനയെ പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തില്‍ വിടാനാണ് തീരുമാനം. എന്നാല്‍ നിരന്തരം ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്ന ആനയെ ഉള്‍വനത്തില്‍ സ്ഥിരമായി നിര്‍ത്തുകയെന്നത് വെല്ലുവിളിയായിരിക്കും. ഇന്നലെ വനത്തില്‍ വിവിധ ഇടങ്ങളിലായി ആനയെ സ്‌പോട്ട് ചെയ്‌തെങ്കിലും മയക്കുവെടി വെക്കാന്‍ കഴിയാത്ത ഭൂപ്രദേശമായിരുന്നു. നിരപ്പായ സ്ഥലത്ത് എത്തിയാല്‍ മാത്രമെ വെടിവെക്കാന്‍ കഴിയൂ. റേഡിയോ കോളര്‍, ഡ്രോണുകള്‍ തുടങ്ങിയ സംവിധാനങ്ങളുമായാണ് ദൗത്യം സംഘം ആനക്ക് പിന്നാലെ നീങ്ങി കൊണ്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം