പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ തീരുമാനം. മെയ് 30 വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

മഴ കനക്കുകയും കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ടുള്ള കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മട്ടന്നൂർ റോഡിൽ വലിയന്നൂർ, ചതുര കിണർ മേഖലകളിൽ രാവിലെ ശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ലോട്ടറി കട തലകീഴായി മറിഞ്ഞ് ലോട്ടറി വില്പനക്കാരന് പരിക്കേറ്റു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

മഴക്കെടുതി സംബന്ധിയായ മറ്റൊരു സംഭവത്തിൽ ബാലുശ്ശേരി തലയാടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഉറവ രൂപപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടയിലാണ് ആശുപത്രിയിൽ ഉറവ രൂപപ്പെട്ടത്. ഇതോടെ രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റേണ്ട അവസ്ഥയാണ് സംജാതമായത്. 18 രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് അവരുടെ വീടുകളിലേക്ക് തന്നെ പറഞ്ഞയച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം