രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് രോഗികളെ മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്
കോഴിക്കോട്: ബാലുശ്ശേരി തലയാടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഉറവ രൂപപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടയിലാണ് ആശുപത്രിയിൽ ഉറവ രൂപപ്പെട്ടത്. ഇതോടെ രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റേണ്ട അവസ്ഥയാണ് സംജാതമായത്. 18 രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് അവരുടെ വീടുകളിലേക്ക് തന്നെ പറഞ്ഞയച്ചത്.
രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് രോഗികളെ മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ ഉറവ കണ്ടെത്തിയത്. നിലവില്‍ നീരൊഴുക്ക് കുറഞ്ഞതോടെ അപകടകരമായ അവസ്ഥയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തലയാട്-കക്കയം റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിനോദ സഞ്ചാരത്തിനും മറ്റുമായി ഇതുവഴി വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മഴ കനത്തക്കുകയും കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 30 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ടുള്ള കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മട്ടന്നൂർ റോഡിൽ വലിയന്നൂർ, ചതുര കിണർ മേഖലകളിൽ രാവിലെ ശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ലോട്ടറി കട തലകീഴായി മറിഞ്ഞ് ലോട്ടറി വില്പനക്കാരന് പരിക്കേറ്റു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.


