എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായി കാട്ടാക്കടയിൽ നടത്തിയ പരിശോധനയിൽ, കോഴിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 101 കുപ്പി വിദേശമദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. ഫോൺ വഴി ഓർഡർ സ്വീകരിച്ച് മദ്യം ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു ഇവരുടെ പ്രവർത്തന രീതി.

​തിരുവനന്തപുരം: എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് സംഘം നടത്തിയ വ്യാപക പരിശോധനയിൽ കള്ളിക്കാട് ജംഗ്ഷന് സമീപം കോഴിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന നടത്തിവന്ന രണ്ടുപേർ പിടിയിലായി. പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), ഇയാളുടെ കോഴിക്കടയിലെ ജീവനക്കാരനായ മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ ജോസ് (42) എന്നിവരെയാണ് കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിന്നൽ പരിശോധനയിൽ ഇവരിൽ നിന്ന് 101 കുപ്പി വിദേശമദ്യവും, മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ​​ചിക്കൻ സ്റ്റാൾ ഉടമയായ അജിയുടെ നേതൃത്വത്തിലായിരുന്നു അനധികൃത മദ്യവിൽപ്പന ആസൂത്രണം ചെയ്തിരുന്നത്. ഫോൺ മുഖേന ഓർഡറുകൾ സ്വീകരിച്ച് ആവശ്യക്കാർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചു നൽകുകയായിരുന്നു ജീവനക്കാരനായ ജോസിന്‍റെ ചുമതല. ​കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം സ്കൂട്ടറിൽ 5.5 ലിറ്റർ മദ്യവുമായി എത്തി മറ്റൊരാൾക്ക് വിൽപ്പന നടത്തുന്നതിനിടെയാണ് ജോസിനെ എക്സൈസ് സംഘം കൈയോടെ പിടികൂടിയത്.

തുടർന്ന് ജോസിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിലാണ് ഉടമ അജി പിടിയിലാകുന്നത്. കടയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 90 കുപ്പി മദ്യം കൂടി എക്സൈസ് സംഘം ഇവിടെ നിന്ന് കണ്ടെടുത്തു. ​അറസ്റ്റിലായ പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ​ലഹരിസംഘങ്ങൾക്കെതിരെ കാട്ടാക്കട എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശിയെയും കാട്ടാക്കട എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.