സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ശശി എന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പുറത്തിറങ്ങിയ ശശിയെ ആന ആക്രമിച്ചെങ്കിലും, വളർത്തുനായ കുരച്ച് ശ്രദ്ധ തിരിച്ചതിനാൽ ജീവൻ തിരികെ കിട്ടുകയായിരുന്നു. നിസാര പരിക്കുകളോടെ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

സുല്‍ത്താന്‍ബത്തേരി: വളര്‍ത്തുനായ കാരണം കാട്ടാനയില്‍ നിന്ന് ജീവന്‍ തിരികെ കിട്ടിയതിന്‍റെ ആശ്വസത്തിലാണ് പഴേരി വീട്ടികുറ്റി ഉന്നതിയിലെ ശശി (55). സാരമായി പരിക്കില്ലെങ്കിലും ഇദ്ദേഹമിപ്പോള്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് ശശി പറയുന്നതിങ്ങനെ. പാലുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ഈ സമയം ആന വീടിന് തൊട്ടുപുറത്തുണ്ടായിരുന്നു. പിറകിലൂടെ എത്തി ആക്രമിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്‍പിലുണ്ടായിരുന്ന പാലം ലക്ഷ്യമാക്കി ഓടാന്‍ ശ്രമിച്ചെങ്കിലും വഴുതി വീണു. ആന തുമ്പിക്കൈയ്യാല്‍ തട്ടി. ഞാന്‍ കുഴിയിലേക്കാണ് വീണത്. പിന്നാലെ എത്തിയ ആന കുത്തി, കൊമ്പിന് ഇടയിലായിപോയത് കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടത്. വീണ്ടും ആക്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നെങ്കിലും വളര്‍ത്തുനായ കുരച്ച് ആനയുടെ ശ്രദ്ധ തിരിച്ചതിനാല്‍ എഴുന്നേറ്റ് രക്ഷപ്പെടാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ഞാനിപ്പോള്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു. ശശി പറഞ്ഞു. വീഴ്ചക്കിടയില്‍ ശശിയുടെ ഇടത് കാലിന് നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30 യോടെയായിരുന്നു സംഭവം. ഉന്നതിയില്‍ നിന്ന് പാലളക്കാന്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിക്കുകയായിരുന്നു.