നഗരത്തില്‍ പൂര്‍ണവളര്‍ച്ചയെത്തിയ കഞ്ചാവുചെടികളുണ്ടായിട്ടും ആരുമറിഞ്ഞില്ല; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എക്‌സൈസ്

സുല്‍ത്താന്‍ബത്തേരി: ഇക്കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ പൂര്‍ണവളര്‍ച്ചയെത്തിയ കഞ്ചാവുചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ചൊവ്വാഴ്ചയാണ് നഗരത്തില്‍ ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണ് ഒരു കഞ്ചാവ് ചെടി. ബാക്കിയുള്ളവ അതില്‍ താഴെ വലിപ്പമുള്ളവയായിരുന്നു. എല്ലാ ചെടികളും ഉപയോഗിക്കാന്‍ പാകമായവയായിരുന്നുവെന്നും എല്ലാം പൂര്‍ണമായും നശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ചെടികള്‍ വളര്‍ന്നുനിന്നിരുന്ന പറമ്പിനരികില്‍ മറ്റു രണ്ട് സ്വകാര്യ റസിഡന്‍സികള്‍ കൂടിയുണ്ട്. ഇവയില്‍ ഏതിലെങ്കിലും താമസത്തിനെത്തിയവര്‍ കഞ്ചാവ് ഉപയോഗിച്ച് അവശിഷ്ടം വലിച്ചെറിഞ്ഞപ്പോള്‍ വിത്തുവീണ് മുളച്ചതാകാനുള്ള സാധ്യതയാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല. എങ്കിലും മൂന്ന് താമസ സ്ഥലങ്ങളിലും വന്നുപോയവരുടെ പട്ടിക ശേഖരിച്ച് മുമ്പ് കഞ്ചാവുകേസുകളില്‍ പിടിക്കെപ്പെട്ട ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കും. 

ഏതെങ്കിലും തരത്തിലുള്ള സൂചന ലഭിച്ചാല്‍ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. വിശദമായ അന്വേഷണത്തിനായി ചെടികള്‍ കണ്ടെത്തിയ പറമ്പില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജിലെയും മറ്റു റസിന്‍ഡന്‍സികളിലെയും വ്യാപാര സ്ഥാപനങ്ങളിലെയുമൊക്കെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും. ചെടികള്‍ ഇത്രയും ഉയര്‍ന്ന് വളര്‍ന്ന് നിന്നിട്ടും സമീപത്തുള്ളവരുടെ ആരുടെയും ശ്രദ്ധ ഇവിടേക്ക് ഇന്നലെ വരെ എത്തിയിരുന്നില്ല. 

Read more: 'നല്ല ഭക്ഷണം നാടിന്റെ അവകാശം', മഴക്കാലത്ത് എല്ലാ ജില്ലകളിലേയും നിയമലംഘകർക്ക് പൂട്ടിടാൻ ആരോഗ്യവകുപ്പ്

എന്നാല്‍ നാട്ടുകാരില്‍ ആര്‍ക്കോ തോന്നിയ സംശയം എക്‌സൈസിനെ അറിയിച്ചതോടെയാണ് കഞ്ചാവ് ചെടികളാണെന്ന് ഉറപ്പായതും നശിപ്പിക്കാനായതും. പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി രജിത്ത്, കെ.എ. അര്‍ജുന്‍, ആര്‍.സി. ബാബു എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.