കോഴിക്കോട് വടകരയിൽ സഹകരണ ആശുപത്രിക്ക് സമീപത്തെ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പൊലീസ് ചെടികൾ പിഴുതെടുത്തു. അടുത്തിടെ സ്ഥലം നികത്താനായി കൊണ്ടുവന്ന മണ്ണിൽ നിന്നാണ് ചെടികൾ മുളച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോഴിക്കോട്: റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 

ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത് കഞ്ചാവ് ചെടിയാണെന്ന് ഉറപ്പിച്ചു. ഇവ വേരോടെ പിഴുതെടുത്ത് വടകര സ്റ്റേഷനിലേക്ക് മാറ്റി. ഒഴിഞ്ഞുകിടക്കുന്ന പറമ്പ് നികത്തുന്നതിനായി കുറച്ച് ദിവസം മുന്‍പ് ഇവിടെ മണ്ണിട്ട് നികത്തിയിരുന്നു. ഈ മണ്ണില്‍ വേറെയും ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഈ കൂട്ടത്തിലാണ് കഞ്ചാവ് ചെടിയും മുളച്ചത്. മണ്ണിലുണ്ടായിരുന്ന വിത്ത് മുളച്ച് ചെടിയായതാകുമെന്ന് പൊലീസ് പറയുന്നു. കൂടുതൽ കഞ്ചാവ് ചെടിയുണ്ടോയെന്ന് അറിയാൻ സമീപത്തെല്ലാം പരിശോധന നടത്തി. എന്നാൽ കഞ്ചാവ് ചെടികൾ ഉണ്ടായിരുന്നില്ല.