മീനങ്ങാടിയില്‍ ജോലി ചെയ്യുന്ന അണ്ണാമലൈ രണ്ടു ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായി മധു കൊല്ലി രാമഗിരിയിലെ വാടക വീട്ടില്‍ നിന്നും ടൗണിലേക്ക് വരുമ്പോളാണ് അപകടം.  

കല്‍പ്പറ്റ: ജോലിസ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിലേക്കുള്ള ബസിൽ കയറാൻ ടൗണിലേക്ക് പോകവെ, ബൈക്കിടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം. തമിഴ്‌നാട് ഗൂഡല്ലൂര്‍ ധര്‍മ്മപുരി പാളൈയം സ്വദേശി വടിവേല്‍ അണ്ണാമലൈ (52) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന വടിവേലിനെ ഇടിച്ച ബൈക്ക് മറ്റൊരു ബൈക്കിലും ഇടിച്ചു. ഈ ബൈക്കിലെ യാത്രികരായ കൃഷ്ണഗിരി സ്വദേശികളായ രണ്ട് പേര്‍ക്കും പരിക്കേറ്റു. മീനങ്ങാടിയില്‍ ജോലി ചെയ്യുന്ന അണ്ണാമലൈ രണ്ടു ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായി മധു കൊല്ലി രാമഗിരിയിലെ വാടക വീട്ടില്‍ നിന്നും ടൗണിലേക്ക് വരുമ്പോള്‍ വൈകുന്നേരം അഞ്ചരയോടെ മീനങ്ങാടി-54-മധുകൊല്ലി റോഡിന് സമീപത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. 

ഗുരുതരമായി പരിക്കേറ്റ അണ്ണാമലൈയെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഇദ്ദേഹം മരണപ്പെട്ടത്. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി ഏറ്റെടുത്ത കരാര്‍ കമ്പനിയിലെ ജീവനക്കാരനാണ് വടിവേല്‍ അണ്ണാമലൈ. ബന്ധുക്കളെത്തി പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ഇന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മീനങ്ങാടി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ലോറിക്ക് മുകളിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; കളമശേരിയിൽ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു

അതേ സമയം മറ്റൊരു അപകടവാർത്തയും ജില്ലയിൽ നിന്ന് പുറത്തുവന്നിരുന്നു. വയനാട്ടിലെ മാനന്തവാടിയിൽ വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കല്‍ അജിന്‍ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേല്‍ക്കൂരയുടെ ഇരുമ്പുകമ്പി വെല്‍ഡ് ചെയ്യുന്നതിനിടെ വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു. കൂടെ ജോലിയിലുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആംബുലന്‍സ് എത്തി അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.