ഫിറ്റ്‌നസിനായി രാസലഹരി ആവശ്യമാണെന്ന് വരുത്തിത്തീർത്താണ് യുവതീ യുവാക്കൾക്ക് ലഹരി വില്പന നടത്തിയിരുന്നത്

നൂറനാട്: ഫിറ്റ്‌നസ് സെന്ററിന്റെ മറവിൽ രാസലഹരി വില്പന. സ്ഥാപന ഉടമ നൂറനാട് പൊലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായി. പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31) എന്നയാളെയാണ് 48 ഗ്രാം എംഡിഎംഎയുമായി വീട്ടിലെ കിടപ്പുമുറിയിൽനിന്നാണ് പിടികൂടിയത്. നൂറനാട് പടനിലത്ത് ഫിറ്റ്‌നസ് സെന്റർ നടത്തുകയായിരുന്നു അഖിൽ നാഥ്. ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതി. ഫിറ്റ്‌നസിനായി രാസലഹരി ആവശ്യമാണെന്ന് വരുത്തിത്തീർത്താണ് യുവതീ യുവാക്കൾക്ക് ലഹരി വില്പന നടത്തിയിരുന്നത്. സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്ന ചില യുവാക്കൾ മയക്കുമരുന്ന് ഉപയോഗിച്ച് നൂറനാട്ടുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇയാൾ ലഹരി ഉപയോഗത്തിനായി പ്രത്യേക പാർട്ടികളും നടത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഫിറ്റ്നെസ് സെന്ററിലെ ട്രെയിനർ അറസ്റ്റിലായത് രണ്ട് മാസം മുൻപ്

കേരളത്തിന് പുറത്തുനിന്നാണ് രാസലഹരി എത്തിച്ചിരുന്നത്. രണ്ടുമാസം മുൻപ് ഇയാളുടെ ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ഇതേ സ്‌ക്വാഡ് പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ 'ഓപ്പറേഷൻ ഡി-ഹട്ട്' ന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് കിഴക്കൻ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനെത്തുടർന്നാണ് വൻ ലഹരിവേട്ട. വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ഇയാൾ ആദ്യമായാണ് ലഹരി വസ്തുക്കളുമായി പിടിയിലാകുന്നത്.

നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ബിനുകുമാർ എം കെ യുടെ മേൽനോട്ടത്തിൽ നൂറനാട് ഐഎസ്എച്ച്ഒ ശരിക്കുമാർ, എസ്ഐ ശ്രീജിത്ത്, ജി എ എസ്ഐ സിനു വർഗ്ഗീസ്, സിപിഒ മാരായ കലേഷ്, വിഷ്ണു, രജനി, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം