മാലിന്യം തള്ളുന്നതിനെതിരേ പഞ്ചായത്ത് മുന്നറിയിപ്പിന് മുന്‍പില്‍ ഹരിത കര്‍മ്മ സേനയുടെ മാലിന്യ ശേഖരം
മിനി എംസിഎഫിന്റെ തൊട്ടു മുന്‍പിലായി റോഡിന്റെ എതിര്‍വശത്ത് മീറ്ററുകളോളം ദൂരത്തിലാണ് വീടുകളില്‍ നിന്ന് ശേഖരിച്ച വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ യാതൊരു മുന്‍കരുതലുകളുമില്ലാതെ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്
കോഴിക്കോട്: മാലിന്യം തള്ളുന്നതിനെതിരായ മുന്നറിയിപ്പ് ബോർഡിന് മുന്നിൽ മാലിന്യ കൂമ്പാരം തീർത്ത് ഹരിത കർമ്മ സേന. ചാത്തമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പാലക്കാടി-ഏരിമല റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ഈ കാഴ്ച പതിവായി കഴിഞ്ഞു. മാലിന്യങ്ങള്‍ ശേഖരിക്കാനായി പഞ്ചായത്ത് സ്ഥാപിച്ച മിനി എംസിഎഫില്‍(മെറ്റീരിയില്‍ കളക്ടിങ് ഫെസിലിറ്റി) നല്‍കിയിരിക്കുന്ന മുന്നറിയിപ്പും ഇതിന് വിരുദ്ധമായി ഹരിത കര്‍മ്മ സേന നടത്തിയ പ്രവര്‍ത്തനവുമാണ് ജനങ്ങള്‍ക്ക് ഒരുപോലെ ആശ്ചര്യവും ദുരിതവും തീര്‍ക്കുന്നത്.
മിനി എംസിഎഫിന്റെ തൊട്ടു മുന്‍പിലായി റോഡിന്റെ എതിര്‍വശത്ത് മീറ്ററുകളോളം ദൂരത്തിലാണ് വീടുകളില്‍ നിന്ന് ശേഖരിച്ച വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ യാതൊരു മുന്‍കരുതലുകളുമില്ലാതെ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. ഒരു കാരണവശാലും മിനി എംസിഎഫിന്റെ പുറത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുകയോ കെട്ടിവെക്കുകയോ ചെയ്യരുത്, ഇങ്ങനെ മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ 25,000 രൂപ പിഴ ഈടാക്കും തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ബോര്‍ഡിന് മുന്‍പില്‍ തന്നെയാണ് പഞ്ചായത്ത് നിയോഗിച്ച ജീവനക്കാരുടെ നിയമലംഘനം.
തെര്‍മോകോള്‍, പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ തുടങ്ങിയവ നിരവധി ചാക്കുകളിലും അല്ലാതെയും റോഡരികില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴ പെയ്ത് മാലിന്യം കലര്‍ന്ന വെള്ളവും മാലിന്യങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്. കോടികള്‍ മുടക്കി നവീകരിച്ച പിഡബ്ല്യുഡി റോഡില്‍ ഈ ഭാഗത്തെത്തിയാല്‍ കാല്‍നടയാത്രക്കാര്‍ നടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അധികൃതരുടെ നടപടിക്കെതിരേ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം