മലപ്പുറം നിലമ്പൂരിൽ അര മണിക്കൂറിൽ 39 മി മീ മഴയും കോഴിക്കോട് ഉറുമിയിൽ ഒരു മണിക്കൂറിൽ 37 മി മീ മഴയും കണ്ണൂർ ചെമ്പേരിയിൽ 30 മി മീ മഴയും ലഭിച്ചു

മലപ്പുറം: കാലാവസ്ഥ പ്രവചനം പോലെ മലപ്പുറത്ത് ഉച്ചയ്ക്ക് ശേഷം പെരുമഴ. ഏറ്റവും ശക്തമായ മഴ ലഭിച്ചത് മലപ്പുറം വണ്ടൂർ ചോനംചിറയിലാണ്. ഇവിടെ കേവലം ഒരു മണിക്കൂറിൽ മാത്രം 121 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നേകാൽ മുതൽ നാലേകാൽ വരെയുള്ള ഒരു മണിക്കൂറിലെ കണക്കാണിത്. വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ഇന്ന് ഉച്ചയ്ക്ക് ശേഷം കാര്യമായ നിലയിൽ മഴ ലഭിച്ചിട്ടുണ്ട്. മലപ്പുറം നിലമ്പൂരിൽ അര മണിക്കൂറിൽ 39 മി മീ മഴയും കോഴിക്കോട് ഉറുമിയിൽ ഒരു മണിക്കൂറിൽ 37 മി മീ മഴയും കണ്ണൂർ ചെമ്പേരിയിൽ 30 മി മീ മഴയും ലഭിച്ചു. മലയോര മേഖലയിലാണ് മഴ കൂടുതൽ ശക്തമായി ലഭിച്ചിട്ടുള്ളത്.

ദേ ഈ എഐ ക്യാമറയിൽ കുടുങ്ങീട്ടാ! എംപി-എംഎൽഎമാരുടെ നിയമലംഘനങ്ങളുടെ കണക്ക് പുറത്ത്, വിഐപി വാഹനങ്ങൾക്കും പിടിവീണു

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10-10-2023 : പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
11-10-2023 : എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം