Asianet News MalayalamAsianet News Malayalam

കനത്ത മഴ; കോട്ടൂർ ആദിവാസി മേഖലയിലേക്കുള്ള റോഡ് തകർന്നു, യാത്രാ ദുരിതം

താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ പലയിടങ്ങളിലും റോഡുകളും ചപ്പാത്തുകളും എല്ലാം നശിച്ച നിലയിലാണ്. 

heavy rain damage roads in kottoor tribal area
Author
Kottoor, First Published Oct 28, 2021, 1:32 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കനത്ത മഴ(Kerala Rain) തുടർച്ചയായതോടെ  കോട്ടൂർ ആദിവാസി മേഖലയിലേക്കുള്ള(Tribal settlement) റോഡ്  തകർന്നു യാത്ര ദുരിതത്തിലായി. ഓരോ ഇടവപ്പാതിയും തുലാവര്ഷവും ഇതിനിടെയുള്ള പേമാരിയും എല്ലാം  കഴിയുമ്പോൾ കോട്ടൂർ(Kottoor) അഗസ്ത്യ വനത്തിലെ ആദിവാസികളുടെ ദുരിതം ഇരട്ടിയാക്കും. ഇക്കഴിഞ്ഞ  മഴയിലും ആദിവാസി ഊരുകളെ ഗ്രാമീണ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം തകർന്നു.

താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ പലയിടങ്ങളിലും റോഡുകളും ചപ്പാത്തുകളും എല്ലാം നശിച്ച നിലയിലാണ്. ഓരോ മഴ കഴിയുമ്പോഴും തകരുന്ന റോഡുകളിൽ അറ്റകുറ്റപ്പണിക്കായി നടപടികൾക്ക് കാത്തു നിന്നാൽ ഇവരുടെ കാര്യങ്ങൾ അവതാളത്തിലാകും. ഇതിനാൽ ആദിവാസികൾ  തന്നെ മുന്നിട്ടിറങ്ങി താത്കാലിക പരിഹാരം കാണുകയാണ്  പതിവ്. ലക്ഷക്കണക്കിന് രൂപയാണ് ബജറ്റുകളിൽ ആദിവാസി ഊരുകളിലേയ്ക്കുള്ള റോഡ് വികസനത്തിനായി പ്രഖ്യാപിക്കുന്നതും പിന്നീട് ചെലവഴിക്കുന്നതും. എന്നാൽ കാടിനുള്ളിലൂടെയുള്ള റോഡ് നിർമ്മാണം അശാസ്ത്രീയമായാണ്. ഇത് തെളിയിക്കുന്നതാണ് റോഡുകളുടെ അവസ്ഥ.

 ഗുണമേന്മയില്ലാതെയാണ് പണികൾ  നടത്തുന്നത് എന്ന് ഈ റോഡുകളിലൂടെ സഞ്ചരിച്ചാൽ ആര്‍ക്കും ബോധ്യമാകും. പലപ്പോഴും ആദിവാസി ഊരുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്തുകൾ വനത്തിനുള്ളിൽ ചപ്പാത്തുകളും ചെറിയ പാലങ്ങളും നിർമ്മിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ആവശ്യാനുസരണം വീതിയോ  ഗുണ നിലവാരമോ ഇല്ലാത്താണെന്നതാണ് വസ്തുത.  ജനപ്രതിനിധികളുടെ ബിനാമികളാണ് വനമേഖലയിലെ കാരാറുകാർ ഭൂരിഭാഗവും എടുക്കുന്നതെന്നും  ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചുള്ള വര്‍ക്കുകളെല്ലാം ഇത്തരത്തില്‍  ജനപ്രതിനിധികളുടെ ബിനാമികൾ ചെയ്തതായും ആക്ഷേപമുണ്ട്.  

Read More: നഴ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്തുടര്‍ന്ന് അജ്ഞാതന്‍റെ ആക്രമണം, ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി 

ഓരോ പ്രാവശ്യവും കാലവർഷക്കെടുതിയിൽ വീടുകളും റോഡുകളും നഷ്ടപ്പെട്ട് അഗസ്ത്യ വനമേഖലയിൽ നിരവധി പേരുണ്ട്.   ഉന്നത അധികാരികൾ എത്തുമ്പോൾ മേഖലയിലെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാമെന്ന ഉറപ്പ് നൽകിയാണ്   മടങ്ങുന്നത്. എന്നാൽ തദ്ദേശീയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവവും തർക്കങ്ങളും കാരണം ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ടതും വാഗ്ദാനം നല്കിയിട്ടുള്ളതും ഉത്തരവായിട്ടുള്ളതുമായ പല പദ്ധതികളും കാടുപിടിച്ചു കഴിഞ്ഞു. റോഡിൻറെ ശോചനീവസ്ഥ കാരണം നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുബോൾ ആദിവാസിമേഖലയിൽ നിന്നുമുള്ള കുട്ടികളെ എങ്ങനെ നാട്ടിൻ പുറങ്ങളിലെ സ്കളുകളിൽ കൃത്യ സമയത്തു എത്തിക്കും എന്ന ആശങ്കയും ആദിവാസികൾക്കുണ്ട്. ഈ മഴക്കാലം കഴിയുമ്പോൾ എങ്കിലും പദ്ധതികൾക്ക് ജീവൻ വയ്ക്കുമോ എന്ന് കണ്ടറിയണം.

Read More: പണം നല്‍കാനായില്ല, പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു; ഇരിപ്പിടമില്ലാതെ ജീവനക്കാര്‍

Read More:  പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്ഐക്കെതിരെ കേസ്, പ്രതി ഒളിവില്‍

 

Follow Us:
Download App:
  • android
  • ios