പല കൃഷിയിടങ്ങളിലും കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നുകൊണ്ടിരുന്ന പറമ്പിലൂടെയും ഓടി ഭീതി പരത്തുകയായിരുന്നു

കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിൽ. കോഴിക്കോട് നാദാപുരം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാലിക്കൊളുമ്പിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. രാവിലെ ഒന്‍പതോടെയാണ് കൂട്ടായി നാണു എന്നയാളുടെ വീടിന്‍ സമീപത്തെ പറമ്പില്‍ കൂട്ടമായി കാട്ടുപോത്തുകൾ എത്തിയത്. പല കൃഷിയിടങ്ങളിലും കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നുകൊണ്ടിരുന്ന പറമ്പിലൂടെയും ഓടി. പരിഭ്രാന്തരായ നാട്ടുകാര്‍ പിന്നീട് വനംവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി ഓടിച്ചത്. കണ്ണൂര്‍ ജില്ലയിലെ വളയലായി മലയോരത്തേക്കാണ് ഇവയെ തുരത്തിയത്. സ്വകാര്യ വ്യക്തികളുടെ വിശാലമായ പറമ്പുകള്‍ കാടുപിടിച്ചു കിടക്കുന്നതാണ് വന്യജീവികള്‍ നാട്ടിലേക്ക് വരാന്‍ ഇടയാക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്. വന്യജീവികളുടെ സാന്നിധ്യം പതിവായതോടെ ഇത്തരത്തിലുള്ള കാട് ഉടമകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

സമാനമായ മറ്റൊരു സംഭവത്തിൽ മലപ്പുറം അടക്കാകുണ്ട് നടുക്കുന്നില്‍ കൂട്ടമായെത്തിയ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. പരതയില്‍ സൈദിന്റെ കപ്പ കൃഷിയാണ് കാട്ടുപന്നികൾ കുത്തിനശിപ്പിച്ചത്. വായ്പയെടുത്ത് നടത്തിയ കൃഷിയാണ് കുത്തി മറിച്ചിട്ടത്. ജനം തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായിരിക്കുകയാണ്. വെടിവെച്ചു കൊല്ലാന്‍ നടപടിയെടുക്കുന്നുണ്ടെങ്കിലും പന്നി ശല്യത്തിന് കുറവില്ല. പുലര്‍ച്ചെ ജോലിക്ക് പോകുന്ന ടാപ്പിങ് തൊ ഴിലാളികളും മദ്‌റസ അധ്യാപകരും ഉള്‍പ്പെടെയുള്ളവരും രാത്രി കടകള്‍ അടച്ച് പോകുന്നവരുമാണ് പലപ്പോഴും അപകടത്തില്‍ പെടാറുള്ളത്. 

പന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഭക്ഷണവും വെള്ളവും തേടി ധാരാളമായി നാട്ടിന്‍പുറങ്ങളിലെത്തുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൃഷിഭൂമിയോട് ചേര്‍ന്നും അല്ലാതെയുമായിയുള്ള ചെറിയ കുറ്റിക്കാടുകളാണ് കാട്ടുപന്നികള്‍ താവളമാക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ആളൊഴിഞ്ഞ പറമ്പുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ പഞ്ചായത്ത് തലത്തില്‍ നടപടി വേണമെന്നാവശ്യവും ശക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം