സാധാരണയായി മലയോരങ്ങളിൽ കാണുന്ന പാമ്പുകൾ കടൽഭിത്തി നിർമ്മാണത്തിന് കൊണ്ടുവരുന്ന കല്ലുകൾക്കിടയിലൂടെയാകാം ഇവിടെ എത്തിയതെന്നാണ് നിഗമനം. ഈ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.

അമ്പലപ്പുഴ: ചൂട് കടുത്തതോടെ അമ്പലപ്പുഴയുടെ തീരദേശ മേഖലകളിൽ മലമ്പാമ്പിനെ കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോണ ചാപ്പലിന് സമീപം പടിഞ്ഞാറ് ഭാഗത്താണ് എട്ടടി നീളവും ഏകദേശം 30 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സാധാരണയായി മലയോര മേഖലകളിൽ മാത്രം കണ്ടുവരുന്ന മലമ്പാമ്പുകൾ എങ്ങനെ കടലോരത്ത് എത്തി എന്നത് നാട്ടുകാരെ അമ്പരപ്പിക്കുന്നു.

കടൽഭിത്തി നിർമ്മാണത്തിനായി ഇടുക്കി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന വലിയ കല്ലുകൾക്കിടയിലൂടെയോ പൂഴിയിലൂടെയോ ആകാം പാമ്പുകളും അവയുടെ മുട്ടകളും തീരദേശത്ത് എത്തുന്നതെന്ന് സംശയിക്കുന്നു. കടൽഭിത്തിക്കുള്ളിൽ പാമ്പിൻ മുട്ടകൾ വ്യാപകമായി കാണപ്പെടുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ പാമ്പ് ശല്യം രൂക്ഷമാണ്.

തീരദേശത്തെ കടൽഭിത്തിക്കുള്ളിൽ നിന്ന് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ വ്യാപകമായി പുറത്തിറങ്ങുന്നത് സമീപത്തെ വീടുകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മലമ്പാമ്പിനെയും കണ്ടെത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ സാഹസികമായി പാമ്പിനെ പിടികൂടി സുരക്ഷിതമാക്കി വെച്ചിട്ടും, വിവരമറിയിച്ചിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.