നെയ്യാറ്റിൻകരയിൽ എക്സൈസ് പരിശോധനയിൽ സ്കൂട്ടറിൽ എത്തിയ ആളിൽ നിന്നും ചാരായം പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന കോടയും പിടിച്ചെടുത്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം എക്സൈസ് പരിശോധനയിൽ സ്കൂട്ടറിൽ എത്തിയ ആളിൽ നിന്നും ചാരായം പിടികൂടി. എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിച്ച എക്സൈസ് കണ്ടെത്തിയത് പ്രദേശത്ത് വ്യാജവാറ്റ് നടത്തി ചാരായം വിൽപ്പന നടത്തുന്ന സംഘത്തെയാണ്. ഉച്ചയോടെ നെല്ലിമൂട്ടിലായിരുന്നു വാഹനപരിശോധന. കാഞ്ഞിരംകുളം സ്വദേശി അരുൺ നാഥിന്‍റെ(40) സ്കൂട്ടറിൽ നിന്നാണ് രണ്ട് ലിറ്റർ ചാരായം പിടികൂടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്ന കോടയും പിടിച്ചെടുത്തു. 

നിരവധി പ്ലാസ്റ്റിക് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന കോട എക്സൈസ് നശിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്തതിലൂടെ കഴിവൂർ മേലെവിളാകം സ്വദേശി അയ്യപ്പനെയും(38) പിടികൂടി. ഇയാളുടെ വീട്ടിലെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇരുവരും ചേർന്നാണ് പ്രദേശത്ത് ചാരായ വിൽപ്പന നടത്തിവന്നിരുന്നതെന്നും ഇവരുടെ കൂടെയുള്ള മറ്റുള്ളവരെ തിരിച്ചറിയാനായി വിശദമായി ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു.