'ഞാൻ ഒന്നുമല്ലാത്തപ്പോൾ എന്നെ താങ്ങിയ ദൈവത്തിന് മാത്രമാണ് ഇനി എന്റെ ജീവിതം. ജനങ്ങൾ എന്നെ കുറ്റക്കാരൻ എന്ന് വിധിക്കട്ടെ, ചീത്ത പറയട്ടെ, എന്നെ വിട്ട് അകലട്ടെ... ഞാൻ ആരെന്നും എന്നെ താങ്ങുന്നവൻ ആരെന്നും എനിക്ക് നന്നായി അറിയാം'

തൃശൂർ: ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്പതിമാര്‍ തമ്മിലുണ്ടായ തമ്മിലടി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇൻഫ്ലുവൻസർ മാരായ മരിയോ ജോസഫും ഭാര്യ ജിജി മരിയോ ജോസഫും തമ്മിലുണ്ടായ തർക്കവും തമ്മിലടിയും പൊലീസ് കേസായതോടെയാണ് ചർച്ചയായത്. മര്‍ദ്ദനമേറ്റെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നവംബർ ഒന്നാം തീയതി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്. കേസെടുത്തെങ്കിലും ഇതിനിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മരിയോ ജോസഫ്. കഴിഞ്ഞ ദിവസം കേസിന്‍റെ വിശദാംശങ്ങൾ പങ്കുവയ്ക്കാതെ താൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് മരിയോ ജോസഫ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വോയിസ് ഓവർ വീഡിയോയുമായി രംഗത്തെത്തിയിരുന്നു.

വീഡിയോയിൽ മരിയോ ജോസഫ് പറയുന്നത്

'എന്നെ ആരും സഹായിച്ചിട്ടില്ല, ദൈവമല്ലാതെ. ഞാൻ അനുഭവിച്ചതും അനുഭവിക്കുന്നതുമായ വേദന ആരും മനസ്സിലാക്കിയിട്ടില്ല. ദൈവം മാത്രമാണ് എന്റെ നിശബ്ദതയുടെ കണ്ണീർ കണ്ടത്. ജനങ്ങൾ കണ്ടത് എന്‍റെ വിജയം മാത്രമാണ്. ദൈവം കണ്ടത് എന്റെ നൊമ്പരങ്ങളാണ്. അതുകൊണ്ട് ജനം എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നോർത്ത് ഞാൻ ബുദ്ധിമുട്ടാറില്ല. ആരെയും സുഖിപ്പിക്കാനല്ല ഞാൻ ജീവിക്കുന്നത്. എന്നെ മനസ്സിലാക്കാത്തവരോട് എന്നെക്കുറിച്ച് ഒരുപാട് എക്സ്പ്ലൈൻ ചെയ്യാനുമല്ല ഞാൻ ശ്രമിക്കുന്നത്. 

മറ്റുള്ളവരുടെ പ്രീതിക്കായി ശ്രമിച്ച് എന്നെത്തന്നെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. എനിക്ക് വേണ്ടി ഒന്ന് ചെറുവിരൽ പോലും അനക്കാത്തവരെ ഓർത്ത് ഞാൻ ദുഃഖിക്കുന്നുമില്ല. ഞാൻ ഒന്നുമല്ലാത്തപ്പോൾ എന്നെ താങ്ങിയ ദൈവത്തിന് മാത്രമാണ് ഇനി എന്റെ ജീവിതം. ജനങ്ങൾ എന്നെ കുറ്റക്കാരൻ എന്ന് വിധിക്കട്ടെ, ചീത്ത പറയട്ടെ, എന്നെ വിട്ട് അകലട്ടെ... ഞാൻ ആരെന്നും എന്നെ താങ്ങുന്നവൻ ആരെന്നും എനിക്ക് നന്നായി അറിയാം. മറ്റുള്ളവരുടെ പ്രതീക്ഷക്കനുസരിച്ചല്ല ദൈവത്തിന്റെ ഇഷ്ട്ടത്തിനനുസരിച്ചാണ് ഇനി എന്റെ ജീവിതം.

ഞാനിപ്പോൾ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്, അതോ ദൈവത്തിന്റെ ആണോ? അഥവാ മനുഷ്യരെ പ്രസാദിപ്പിക്കാൻ ഞാൻ യത്നിക്കുകയാണോ? ഞാനിപ്പോഴും മനുഷ്യനെ പ്രസാദിപ്പിക്കുന്നവനാണെങ്കിൽ ക്രിസ്തുവിന്റെ ദാസനായി ജീവിക്കാൻ സാധിക്കുകയില്ല (എലാതിയർ 1:10). ഈ വരികൾ എല്ലാവരും ഒന്ന് ഓർത്തുവെച്ചാൽ സെൽഫ് കോൺഫിഡൻസോടെ ധൈര്യമായി മുന്നോട്ട് ജീവിക്കാൻ സാധിക്കും. ഗോഡ് ബ്ലെസ് യു ..." - എന്നും പറഞ്ഞാണ് മരിയോ ജോസഫ് വീഡിയോ അവസാനിപ്പിക്കുന്നത്.

കേസും വിശദാംശങ്ങളും

ദമ്പതികൾ തമ്മില്‍ തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പൊലീസിന്‍റെ എഫ് ഐ ആറിൽ പറയുന്നത്. ഒക്ടോബര്‍ 25 ന് വൈകീട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി, ഭര്‍ത്താവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. ഭര്‍ത്താവ് മരിയോ ജോസഫ്, ടി വിയുടെ സെറ്റ്‌ടോപ്പ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പൊലീസിൽ പരാതി നല്‍കിയത്.

ജിജിയുടെ പരാതിയിൽ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരിയോ ജോസഫിനെയും, ജിജി മരിയോ ജോസഫിനെയും ഫോൺ വഴി പ്രതികരണത്തിനായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.