കടുവ റോഡരികിലൂടെ കൂസലില്ലാതെ, മുടന്തി നടന്നുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതുവഴി പോയ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയതായിരുന്നു ദൃശ്യങ്ങള്‍. എന്നാല്‍ ഇങ്ങനെയൊരു സംഭവം തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. 

കല്‍പ്പറ്റ: തിരക്കേറിയ ദേശീയപാതക്കരികില്‍ (National High way) കടുവയെത്തിയതിന്റെ (Tiger) അമ്പരപ്പിലും ആശങ്കയിലുമാണ് നായ്ക്കെട്ടി ഇല്ലിച്ചോട് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം രാത്രി കടുവ റോഡരികിലൂടെ കൂസലില്ലാതെ, മുടന്തി നടന്നുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതുവഴി പോയ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയതായിരുന്നു ദൃശ്യങ്ങള്‍. എന്നാല്‍ ഇങ്ങനെയൊരു സംഭവം തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. കടുവ ഇറങ്ങിയതായുള്ള പരാതികളൊന്നും പ്രദേശത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കാല് മുടന്തി നടക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് നായ്ക്കെട്ടി ടൗണ്‍ എത്തുന്നതിന് തൊട്ടുമുന്‍പുള്ള ഇല്ലിച്ചോട് എന്ന സ്ഥലത്ത് നിന്ന് പകര്‍ത്തിയതെന്ന നിലയില്‍ പുറത്തുവന്നിട്ടുള്ളത്. ദേശീയപാതക്ക് അരികിലൂടെ അല്‍പ്പദൂരം നടന്നതിന് ശേഷം വലതുവശത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് കടുവ കയറിപോകുന്നതാണ് വീഡിയോയിലുള്ളത്. ജനവാസപ്രദേശം കൂടിയായി ഇവിടെ ഒരു ഭാഗത്ത് മുത്തങ്ങ വന്യജീവി സങ്കേതത്തിലുള്‍പ്പെടുന്ന വനമാണ്. അതിനിടെ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഇല്ലിച്ചോട്. ചിത്രാലക്കര ഭാഗങ്ങളില്‍ കടുവയെത്തുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

ബത്തേരിയില്‍ നിന്നു പുലര്‍ച്ചെ നായ്ക്കെട്ടിയിലേക്കു പത്രവുമായി ഓട്ടോ ഡ്രൈവറും കഴിഞ്ഞ ദിവസം കടുവയെ കണ്ടതായി പറയുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ നായ്ക്കെട്ടിക്ക് സമീപം എത്തിയപ്പോള്‍ തന്റെ ഓട്ടോക്ക് മുന്‍പിലൂടെ കടുവ ദേശീയപാത മുറിച്ചു കടക്കുകയായിരുന്നുവെത്രേ. മാന്‍ ആണെന്നു കരുതി ഓട്ടോ നിര്‍ത്തിയപ്പോഴാണ് കടുവയാണെന്നു മനസിലായതെന്ന് ഷാജി പറയുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലുള്‍പ്പെട്ട പ്രദേശമാണ് ഇല്ലിച്ചോട്. 2012-ല്‍ ഇതേ ഭാഗത്ത് ഇറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ വെടിവെച്ച് കൊന്നത് വിവാദമായിരുന്നു. 13 ദിവസത്തോളം മൂലങ്കാവ്, നായ്ക്കെട്ടി മേഖലകളില്‍ ഭീതി പരത്തിയ കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത മണിക്കൂറുകളോളം നാട്ടുകാര്‍ ഉപരോധിച്ചിരുന്നു.

ഒടുവില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കടുവയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. മൂലങ്കാവിനടുത്ത് തേലമ്പറ്റ റോഡരികിലെ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വെച്ച് കടുവയെ വെടിവെച്ചെങ്കില്‍ പിന്നീട് കൃത്യം നടത്തിയ ഉദ്യോഗസ്ഥന്റെ പേരിലടക്കം കേസ് വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.