ദേശീയപാതയിൽ ലോറിയിൽ ഇന്നോവ കാര്‍ ഇടിച്ച് ലോറിക്ക് തീപിടിച്ചു; വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി
വടക്കഞ്ചേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്
പാലക്കാട്: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ ലോറിക്ക് തീപിടിച്ചു. ദേശീയപാതയിൽ നീലിപ്പാറ ഭാഗത്ത് ലോറിയിൽ ഇന്നോവ കാർ ഇടിച്ചതിനെ തുടര്‍ന്നാണ് ലോറിക്ക് തീപിടിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കല്ലിങ്കൽ പാടം ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ വന്ന് തൃശൂർ ഭാഗത്തേക്ക് തിരിയുന്നതിനിടയിലാണ് പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ചത്.
വാഹനം ഇടിച്ച ഉടനെ തീപിടുത്തം ഉണ്ടായതോടെ വാഹനത്തിലെ ഡ്രൈവർ ഇറങ്ങി ഓടി. വടക്കഞ്ചേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. പെട്ടെന്ന് തീ അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂര്‍ണമായും കത്തിനശിച്ചു.