തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലുള്ളവർക്ക് മരുന്നുകൾക്കായി ഇനി പല ഫാർമസികളിൽ കയറിയിറങ്ങേണ്ട. ഇത്തരമൊരു മാതൃകാ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംയോജിത ഫാർമസി കൗണ്ടർ പ്രവർത്തനസജ്ജമായി. വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് മരുന്നുകൾ ലഭിക്കാൻ പല ഫാർമസികളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ അറുതിയാകും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് സംസ്ഥാനത്ത് ഇത്തരമൊരു മാതൃകാ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്.

നേരത്തെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുള്ളവർ മരുന്നുകൾക്കായി പല ഫാർമസികളിൽ പോകണമായിരുന്നു. ഒരു ഫാർമസിയിൽ മരുന്നില്ലെങ്കിൽ അവിടെ നിന്ന് സീൽ വാങ്ങി അടുത്തയിടത്ത് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രി വീണാ ജോർജ് മാറ്റത്തിന് നിർദ്ദേശം നൽകിയത്. പഴയ ക്യാഷ്വാലിറ്റിക്ക് സമീപമാണ് പുതിയ കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. മെയിൻ സ്റ്റോർ, കമ്മ്യൂണിറ്റി ഫാർമസി, കാരുണ്യ ഫാർമസി, എച്ച്എൽഎൽ എന്നിവയുടെ സേവനങ്ങൾ ഇനി ഈ ഒരൊറ്റ കൗണ്ടറിൽ ലഭ്യമാകും. ഈ സ്ഥാപനങ്ങളെല്ലാം ചേർന്ന് ഒരു സംയോജിത ബില്ലിംഗ് കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കണക്കുകളും മന്ത്രി പുറത്തുവിട്ടു. കാസ്പ് , കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി അഞ്ച് വർഷം കൊണ്ട് 25 ലക്ഷം പേർക്ക് 8425 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി. കെഎംഎസ്സിഎൽ വഴി 3500 കോടി രൂപയുടെ സൗജന്യ മരുന്നുകളാണ് വിതരണം ചെയ്തത്. ഇവിടെ മാത്രം കഴിഞ്ഞ 5 വർഷത്തിനിടെ 535.35 കോടി രൂപയുടെ ചികിത്സാ സഹായം നൽകിയെന്ന് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.