തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആലപ്പുഴ നഗരസഭയിൽ ഭരണം പിടിക്കാൻ മുന്നണികൾ ശ്രമിക്കുമ്പോൾ നിർണായകമാകുക സ്വതന്ത്ര സ്ഥാനാർ‍ത്ഥി ജോസ് ചെല്ലപ്പൻ. നിലവിൽ ആലപ്പുഴയിൽ യുഡിഎഫിന് 23 സീറ്റുകളും എൽഡിഎഫിന് 22 സീറ്റുകളുമാണ് ഉള്ളത്.

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആലപ്പുഴയിൽ സ്വതന്ത്രനായി ചരട് വലി. ആലപ്പുഴ നഗരസഭയിൽ ഭരണം നിർണയിക്കുക സ്വതന്ത്രൻ. ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമം തുടരുകയാണ്. ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം എടുത്തില്ലെന്ന് സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരു മുന്നണികളും ചർച്ച നടത്തി. സൗഹൃദവലയത്തിൽ രൂപീകരിച്ച ഒരു എക്സിക്യൂട്ടീവ് ഉണ്ട്. അവർ തീരുമാനമെടുക്കുമെന്നും ഉച്ചയോടെ തീരുമാനമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇരു മുന്നണികളിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെല്ലാം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ആരോടും വിരോധമില്ലെന്നും ജോസ് ചെല്ലപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ ആലപ്പുഴയിൽ യുഡിഎഫിന് 23 സീറ്റുകളും എൽഡിഎഫിന് 22 സീറ്റുകളുമാണ് ഉള്ളത്. എൻഡിഎ- 5, പിഡിപി-1, എസ്ഡിപിഐ-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില.

അതേ സമയം, എരുമേലി പഞ്ചായത്തിൽ യുഡിഫിന് പ്രസിഡന്റ്‌ ആക്കാൻ ആളില്ല. പ്രസിഡന്റ്‌ പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും യുഡിഫ് അംഗങ്ങൾ ഇല്ല. രണ്ട് സീറ്റിൽ പട്ടിക വർഗ വിഭാഗത്തിൽ സ്ഥാനാർഥിയേ മത്സരിപ്പിച്ചെങ്കിലും രണ്ടു പേരും തോറ്റിരുന്നു. ബിജെപിക്കും സിപിഎമ്മിനും പട്ടിക വർഗ അംഗങ്ങൾ ഉണ്ട്. 24 വാർഡുള്ള പഞ്ചായത്തിൽ 14 സീറ്റിലും യുഡിഎഫ് ആണ് ജയിച്ചത്.