കർണാടക പിസിസി  അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ ഹെലികോപ്ടർ അപകടത്തിൽ പെട്ടു

ബെംഗളൂരു: കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്ടറിൽ പക്ഷിയിടിച്ച് അപകടം. മുളബാഗിലുവിലേക്കുള്ള യാത്രക്കിടെ ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്നു. ജക്കൂർ വിമാനത്താവളത്തിന് സമീപമാണ് ശിവകുമാറിന്റെ ഹെലികോപ്ടറിൽ പരുന്ത് ഇടിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു. 

ശിവകുമാറിനൊപ്പം യാത്ര ചെയ്ത ഒരാൾക്ക് നിസാര പരിക്കേറ്റു. ഹെലികോപ്ടർ എച്ചഎഎൽ എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു എന്ന് ന്യൂസ് ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. കർണാടക കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹെലികോപ്ടറിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. 'ഡികെ ശിവകുമാറിന്റെ ഹെലികോപ്ടറിൽ പരുന്ത് ഇടിച്ച് അപകടമുണ്ടായി. ഹെലികോപ്ടറിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. കോപ്ടർ സുരക്ഷിതമായി താഴെയിറക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല'- കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു. 

കോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോലാർ ജില്ലയിലേക്കുള്ള യാത്രയിലായിരുന്നു ശിവകുമാർ. ബെംഗളൂരുവിലെ ജക്കൂർ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്ടർ യാത്ര തുടങ്ങിയത്. അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളുടെ തിരക്കിലാണ് കോൺഗ്രസ്.

Read more: അന്ന് ബിബിസി ഡോക്യുമെന്ററിക്ക് വേണ്ടി വാദിച്ചവരാണ് ഇന്ന് സിനിമ നിരോധിക്കണമെന്ന് പറയുന്നത്'; അനിൽ ആന്റണി

രാഹുലും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള പ്രമുഖ നേതാക്കൾ റോഡ് ഷോകൾക്കും പൊതുയോഗങ്ങൾക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി വരികയാണ്. അതേസമയം, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയും ചൊവ്വാഴ്ച പുറത്തിറക്കി. ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും, ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബത്തിന്റെ ഓരോ സ്ത്രീക്കും 2,000 രൂപയും, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് 3,000 രൂപയും വാഗ്ദാനവുമടക്കമാണ് പ്രകടനപത്രിക പുറത്തുവന്നിരിക്കുന്നത്.