ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെ കുഴയ്ക്കുന്ന പ്രധാന പ്രശ്നം ആറാം ബൗളറുടെ പ്രകടനമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആറാം ബൗളറുടെ റോള്‍ നിര്‍വഹിച്ച ശിവം ദുബെയുടെ റൺസേറെ വഴങ്ങിയിരുന്നു.
കൊൽക്കത്ത: ടി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള നിർണായക സൂപ്പര്‍-8 പോരാട്ടത്തിൽ ഇന്ത്യ നാളെ കരുത്തരായ വെസ്റ്റ് ഇൻഡീസിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ മത്സരം ജയിക്കുന്നവർക്ക് സെമിയിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം. തോൽക്കുന്നവർ ടൂർണമെന്‍റിൽ നിന്ന് പുറത്താകും എന്നതിനാൽ ഇതൊരു 'വെർച്വൽ ക്വാർട്ടർ ഫൈനൽ' പോരാട്ടമാണ്.
ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്‌വെയ്‌ക്കെതിരായ വമ്പൻ വിജയത്തിലൂടെ ഇന്ത്യ കരുത്ത് തെളിയിച്ചിരുന്നു. എന്നാൽ വിൻഡീസിനെപ്പോലൊരു കരുത്തുറ്റ ടീമിനെ നേരിടുമ്പോൾ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് സൂചന.
ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെ കുഴയ്ക്കുന്ന പ്രധാന പ്രശ്നം ആറാം ബൗളറുടെ പ്രകടനമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആറാം ബൗളറുടെ റോള്‍ നിര്‍വഹിച്ച ശിവം ദുബെയുടെ റൺസേറെ വഴങ്ങിയിരുന്നു. വിൻഡീസ് ബാറ്റിംഗ് നിരയുടെ പ്രഹരശേഷി കണക്കിലെടുക്കുമ്പോൾ ദുബെയെ പന്തേൽപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ടീം വിലയിരുത്തുന്നു. അതിനാൽ, ദുബെയ്ക്ക് പകരം സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഈഡൻ ഗാർഡൻസിലെ പിച്ചിൽ കുൽദീപിന്‍റെ സ്പിൻ ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുമെന്നാണ് കരുതുന്നത്. എന്നാല്‍ ദുബെയ്ക്ക് പകരം കുല്‍ദീപ് വരുമ്പോള്‍ ബാറ്റിംഗ് നിരയുടെ കരുത്തുകുറയാനുള്ള സാധ്യതയുണ്ട്. ഏഴാമനായി ഇറങ്ങുന്ന അക്സര്‍ കഴിഞ്ഞാല്‍ പിന്നീട് ബാറ്റ് നിര ദുര്‍ബലമാകും. ഈ സാഹചര്യത്തില്‍ ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ബാറ്റിംഗില്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ വരുത്തിയ മാറ്റങ്ങൾ ഇന്ത്യയ്ക്ക് ഗുണകരമായിരുന്നു. ഈ സാഹചര്യത്തില്‍ വിന്‍ഡീസിനെതിരെയും സഞ്ജു-അഭിഷേക് സഖ്യം തന്നെ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഇഷാൻ കിഷൻ മൂന്നാം നമ്പറിലെത്തുമ്പോൾ സൂര്യകുമാര്‍ നാലാമതും ഹാര്‍ദ്ദിക് പാണ്ഡ്യ, തിലക് വര്‍മ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും എത്തും. ഗ്രൂപ്പ് 1-ൽ നിന്ന് ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് 2-ൽ നിന്ന് ഇംഗ്ലണ്ടും ഇതിനകം സെമി ഉറപ്പിച്ചു കഴിഞ്ഞു. നാളത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിലെത്താം. ബാറ്റിംഗ് പറുദീസയായ കൊൽക്കത്തയിൽ ബാറ്റിംഗ് വെടിക്കെട്ട് തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.
