കഞ്ചാവുമായി പിടിയിലായ രണ്ട് പേരിൽ നിന്നാണ് വിഴിഞ്ഞം പൊലീസിന് ഡീലറുടെ വിവരം ലഭിക്കുന്നത്. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന മൊത്തകച്ചവടക്കാരനായ രമേഷിനെ ഒഡീഷയിലെത്തി പിടികൂടി വിഴിഞ്ഞം പൊലീസ്

തിരുവനന്തപുരം:വിഴിഞ്ഞത്തേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ മൊത്ത വിതരണക്കാരനെ ഒഡീഷയിൽ പോയി വിഴിഞ്ഞം പൊലീസ് പിടികൂടി. ഒഡീഷ മുനിമുഡ സ്വദേശി രമേശ് ഷിക്കാഗ (39) നെയാണ് വിഴിഞ്ഞം പൊലീസ് ഒഡീഷ പൊലീസിന്‍റെ സഹായത്തോടെ പിടികൂടിയത്. പ്രതിയെ രാത്രിയോടെ വിഴിഞ്ഞത്ത് എത്തിച്ചു. കഴിഞ്ഞ ജൂലൈ 18ന് ആറര കിലോ കഞ്ചാവുമായി രണ്ടു പേരെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇതിൽ വിഴിഞ്ഞം പിറവിളാകം കാവുവിള സ്വദേശി രാജു(48)വിന്‍റെ പക്കൽ നിന്നും 4. 215 ഗ്രാം കഞ്ചാവും വിഴിഞ്ഞം തെരുവ് മൈത്രി മൻസിലിൽ നാസുമുദിനിൽ നിന്നും 2.5 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

കേസിന്‍റെ തുടരന്വേഷണം വിഴിഞ്ഞം പൊലീസിനെ ചുമതലപെടുത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന മൊത്തകച്ചവടക്കാരനായ രമേഷിനെ തിരിച്ചറിഞ്ഞു. പിന്നാലെ ഒഡീഷയിൽ പോയി പിടികൂടുകയായിരുന്നു. രാജുവിനെ വിഴിഞ്ഞത്തു വച്ചും നാസുമുദീ (50)നെ ബാലരാമപുരത്തുവച്ചുമാണ് അന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് വാങ്ങി ട്രയിനിൽ തമിഴ്നാട് എത്തി രണ്ടു ബസുകളിലായി ഒരാൾ ബാലരാമപുരത്തും മറ്റൊരാൾ വിഴിഞ്ഞത്തും ഇറങ്ങി. രാജു ബാഗുമായി വിഴിഞ്ഞം റംസാൻകുളം റോഡിലൂടെ നടന്നു പോകവെയാണ് പിന്തുടർന്ന സംഘം പിടികൂടിയത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.