ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, വമ്പൻ തട്ടിപ്പിരയായി ആറന്മുള സ്വദേശി, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി
മുടക്കിയ തുകയും അതിന്‍റെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ ലഭിച്ച ലാഭവും കാണുന്ന തരത്തിൽ ഒരു വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് വ്യാജമായി ഉണ്ടാക്കി പ്രതികൾ പരാതിക്കാരന് അയച്ചു നൽകി.
ആറന്മുള: 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ മധ്യപ്രദേശിൽ എത്തി കേരള പൊലീസ് പിടികൂടി. ഭോപ്പാലിൽ നിന്നാണ് മാനവേന്ദ്ര സിംഗ് എന്ന പ്രതിയെ പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ആറന്മുള സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ പൊലീസ് കുടുക്കിയത്.
വിശദവിവരം ഇങ്ങനെ
ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ പ്രതിയെയാണ് ആറന്മുള പൊലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പിൽ അംഗമായതോടെയാണ് തട്ടിപ്പ് തുടങ്ങിയത്. AMERITRADE എന്ന എന്ന USA കമ്പനിയുടെ പ്ലാറ്റ്ഫോമിൽ USDT എന്ന ക്രിപ്റ്റോ കറൻസി ബിസിനസിൽ 100 അമേരിക്കൻ ഡോളർ നിക്ഷേപിച്ചാൽ 24 മണിക്കൂറിനുള്ളിൽ 1000 ഡോളർ തിരികെ ലഭിക്കുമെന്നും മറ്റും പറഞ്ഞായിരുന്നു തട്ടിപ്പ്. ടെലഗ്രാം ഗ്രൂപ്പ് വഴി പരസ്യങ്ങളും വാഗ്ദാനങ്ങളും വരികയും കമ്പനിയുടെ ഏജൻറ് എന്ന രീതിയിൽ പരാതിക്കാരനെ നിരന്തരം ബന്ധപ്പെടുകയും ചെയ്തതിനെ തുടർന്ന്, ഇത് വിശ്വസിച്ച് 2023 ജൂലൈ 8 മുതൽ ഡിസംബർ 16 വരെ പലതവണകളായി ആദ്യം 23 ലക്ഷം രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.
മുടക്കിയ തുകയും അതിന്‍റെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ ലഭിച്ച ലാഭവും കാണുന്ന തരത്തിൽ ഒരു വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് വ്യാജമായി ഉണ്ടാക്കി പ്രതികൾ പരാതിക്കാരന് അയച്ചു നൽകി. ഇത് കാണുന്നതിനുള്ള ഒരു ആപ്ലിക്കേഷനും പരാതിക്കാരന് അയച്ചു കൊടുത്തു. പിന്നീട് ഈ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സമയം പ്രോസസിങ് ചാർജ് , ഓ ടി പി ചാർജ് , ഡെലിവറി ചാർജ് ,ടാക്സ് എന്നിങ്ങനെ വിവിധതരത്തിൽ പലതവണയായി വീണ്ടും 23 ലക്ഷം രൂപ കൂടി തട്ടി എടുക്കുകയായിരുന്നു. 2024 മാർച്ച് മാസം യുവാവ് സ്റ്റേഷനിൽ എത്തി പരാതി നൽകിയ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരനെ ബന്ധപ്പെട്ട ഫോൺ നമ്പറുകളും തുകകൾ അയച്ചു നൽകിയ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പ്രതികളെ കുറിച്ച് മനസ്സിലാക്കി അന്വേഷണം നടത്തിയതിലാണ് മാനവേന്ദ്ര സിംഗ് പിടിയിലായത്. ഇയാളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയിട്ടുള്ളതായി വ്യക്തമായതിനെ തുടർന്ന് മധ്യപ്രദേശിലെത്തി രണ്ട് ദിവസത്തെ അന്വേഷണത്തിൽ ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടന്നതിനുശേഷം വൈകി പരാതി നൽകിയതിനാൽ പണം തിരിച്ചു എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ അക്കൗണ്ടിൽ നിന്നും തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളതായി കണ്ടതിനെ തുടർന്ന് ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ കഴിഞ്ഞ ആറ് കൊല്ലമായി മധ്യപ്രദേശിൽ താമസിച്ച് ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായും ചോദ്യം ചെയ്യുന്നതിനായും കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഐ പി എസിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ വിനോദ് കുമാർ, എ എസ് ഐ സലിം, എസ് സി പി ഒമാരായ പ്രദീപ് , ബിന്ദുലാൽ എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം