ഇടിയുടെ ആഘാതത്തിൽ ബൈക്ക് തലകീഴായി മറിഞ്ഞു
ഇടുക്കി: ഓടുന്ന ബൈക്കിലേക്ക് കല്ലു തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഗോകുലം ചിട്ടി ഫണ്ടിലെ ജീവനക്കാരൻ ആൽപ്പാറ പുത്തൻപുരക്കൽ സുമേഷിനാണ് (30) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10 ന് സുമേഷ് ബൈക്കിൽ പോരുമ്പോൾ എൽ ഐ സി ഓഫീസിനും വാഴത്തോപ്പ് കവലക്കുമിടയിലാണ് അപകടം ഉണ്ടായത്. മുകളിൽ നിന്നും കല്ലു തെറിച്ച് ശക്തിയായി ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തലകീഴായി മറിഞ്ഞു. കൈക്കും കാലിനും പരിക്കേറ്റ സുമേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പ്ലാസ്റ്ററിട്ട യുവാവിനെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. തലേ ദിവസം റോഡിനു മുകളിലുള്ള കൽക്കെട്ടു മഴയിൽ ഇടിഞ്ഞു വീണിരുന്നു. അതിന്‍റെ കുറെ ഭാഗങ്ങൾ ഇടക്കു തങ്ങി നിൽക്കുകയാണ്. അതിൽ നിന്നുള്ള കല്ലാണ് തെറിച്ച് വീണത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

അതേസമയം കുതിരാന്‍ വഴുക്കുംപാറയില്‍ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു എന്നതാണ്. മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെടുകയും ഇടിഞ്ഞു താഴുകയും ചെയ്തത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് ഇടിഞ്ഞ് താഴ്ന്നത്. മഴ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഏതുനിമിഷവും റോഡ് 30 അടി താഴ്ചയിലേക്ക് ഇടിഞ്ഞുപോകുവാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ ആഴ്ചയില്‍ വിള്ളല്‍ രൂപപ്പെട്ട സമയത്ത് കരാര്‍ കമ്പനി ജീവനക്കാരുടെ നേതൃത്വത്തില്‍ വെള്ളമിറങ്ങി റോഡ് ഇടിയാതിരിക്കുന്നതിനുവേണ്ടി സിമന്റ് പരുക്കന്‍ ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കുകയും മുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്. സംഭവമറിഞ്ഞ പീച്ചി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി നായര്‍ സ്ഥലത്തെത്തി കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയില്‍നിന്നും സര്‍വീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വച്ച് അടപ്പിച്ചിരിക്കുകയാണ്.
കുതിരാനില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു; വന്‍ അപകട സാധ്യത
