ജേക്കബും ഭാര്യയും കൊല്ലത്തുള്ള ബന്ധുവിന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയം ദുബായിലുള്ള മകൾ മൊബൈൽ ഫോണിലൂടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കവെയാണ് കള്ളനെ ലൈവ് ആയി കണ്ടത്
കൊല്ലം: ദുബായിൽ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടിലെ മോഷണം മൊബൈൽ ഫോണിലൂടെ കണ്ട യുവതി, കള്ളനെ കയ്യോടെ പിടിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് മോഷ്ടാവിനെ കണ്ടത്. കുപ്രസിദ്ധ മോഷ്ടാവ് വെള്ളം കുടി ബാബുവാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. ആയൂർ കമ്പങ്കോട് മാപ്പിള വീട്ടിൽ ജേക്കബിന്‍റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ജേക്കബും ഭാര്യയും കൊല്ലത്തുള്ള ബന്ധുവിന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയം ദുബായിലുള്ള മകൾ മൊബൈൽ ഫോണിലൂടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കവെയാണ് കള്ളനെ ലൈവ് ആയി കണ്ടത്. തുടർന്ന് നാട്ടിലുള്ള അച്ഛനെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരത്തും മാല മോഷണം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി എന്നതാണ്. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വന്ന മലയിൻകീഴ് സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ മാലയാണ് ഇവർ കവർന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി ഫോർട്ട് പൊലീസിൽ പരാതി നൽകി. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പല പിടിച്ചുപറി കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
സ്വർണമെന്ന് കരുതി 86 കാരിയിൽ നിന്ന് പിടിച്ചുപറിച്ചത് മുക്കുപണ്ടം
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനെയും പെണ്‍സുഹൃത്തിനെയും മണിക്കൂറുകൾക്കകം അരൂർ പൊലീസ് പിടികൂടി എന്നതാണ്. പള്ളുരുത്തി സ്വദേശികളായ നിഷാദ് (25), നീതു (30) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറം ഭാഗത്തെ ഇടവഴിയിൽ വെച്ചാണ് സംഭവം. നീതു ഓടിച്ച സ്കൂട്ടറിന്‍റെ പിന്നിലിരുന്നാണ് നിഷാദ് എത്തിയത്. ഇടവഴിയിലൂടെ വയോധികയുടെ അടുത്തേക്കെത്തിയ നിഷാദ്, മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ച് സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. കവർന്ന മാല സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതികൾ വഴിയിൽ ഉപേക്ഷിച്ചെങ്കിലും പൊലീസ് അത് കണ്ടെടുത്തു.
