പോത്തിനെയും എരുമയെയും മോഷ്ടിച്ച കേസിൽ കോഴിക്കോട് 2 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: പോത്തിനെയും എരുമയെയും മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ എലത്തൂർ പുതിയനിരത്ത് സ്വദേശി അരുണാംകണ്ടി വീട്ടിൽ വൈശാഖ് (28), തലക്കുളത്തൂർ സ്വദേശി തയ്യിൽ വീട്ടിൽ അജ്‌മൽ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഭട്ട് റോഡിലെ ഉദയം ഹോമിന് സമീപത്ത് നിന്നാണ് പ്രതികൾ മൃഗങ്ങളെ കടത്തിക്കൊണ്ടുപോയത്.

ഒന്നര ലക്ഷത്തോളം രൂപ വില വരുന്നതാണ് പോത്തും എരുമയും എന്നാണ് വിവരം. ജൂലൈ 19 ന് രാത്രിയിലാണ് പ്രതികൾ മൃഗങ്ങളെ കടത്തിയത്. പുതിയകടവ് സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു മൃഗങ്ങൾ. ഭട്ട് റോഡിലെ ഉദയം ഹോമിന് സമീപത്ത് വെച്ച് മൃഗങ്ങളെ വാഹനത്തില്‍ കയറ്റി കടത്തിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ ഫിറോസിന്റെ പരാതിയില്‍ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വെള്ളയിൽ സ്റ്റേഷൻ എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നതിനിടെ വെള്ളയില്‍ പരിസരത്തുവച്ചാണ് പ്രതികൾ ഇന്നലെ പിടിയിലായത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതികളെ പിന്നീട് റിമാൻഡ് ചെയ്‌തു.

YouTube video player