കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരിൽ യുവതിക്ക് സന്ദേശമയച്ച ആൾമാറാട്ടക്കാരനും അറസ്റ്റിൽ. ഡോക്ടറുടെ പരാതിയിൽ നടത്തിയ അന്വേഷത്തിലാണ് ആള്‍മാറാട്ടം നടത്തിയ ആളെ കണ്ടെത്തിയത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരിൽ യുവതിക്ക് സന്ദേശമയച്ച ആൾമാറാട്ടക്കാരനും അറസ്റ്റിൽ. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിനിയായ 39കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടർ എന്ന വ്യാജേന വാട്സാപിൽ യുവതിക്ക് നൗഷാദ് അശ്ലീല സന്ദേശം അയച്ചിരുന്നു. വിവാഹവാഗ്ദാനം നൽകിയും നിരന്തരം സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം യുവതി മെഡിക്കൽ കോളേജിലെത്തി രോഗികള്‍ക്ക് മുന്നിൽ വെച്ച് ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറുടെ പരാതിയിൽ നടന്ന അന്വേഷണമാണ് വഴിത്തിരിവായത്. അന്വേഷണത്തിൽ ഡോക്ടറുടെ പേരിൽ യുവതിക്ക് സന്ദേശം അയച്ചത് നൗഷാദ് ആണെന്ന് കണ്ടെത്തി.
കഴിഞ്ഞ ഏപ്രിലിൽ യുവതിയുടെ പിതാവ് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയിരുന്നുവെന്നും ആ സമയത്ത് നൗഷാദും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയും നൗഷാദും സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. യുവതിയുടെ ഫോണ്‍ നമ്പറും നൗഷാദ് വാങ്ങി. പിന്നീട് മറ്റൊരു സിംകാര്‍ഡ് ഉപയോഗിച്ച് യുവതിയുടെ പിതാവിനെ ശുശ്രൂഷിച്ച ഡോക്ടറുടെ പേരിൽ വാട്സ് ആപ്പ് അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഈ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് ഡോക്ടറെന്ന വ്യാജേന നൗഷാദ് യുവതിക്ക് സന്ദേശം അയച്ചത്. വിവാഹ വാഗ്ദാനത്തിന് പിന്നാലെ അശ്ലീല സന്ദേശമയക്കുകയും ചെയ്തു. ഇതിനിടെ 40,000 രൂപയും ഇയാള്‍ യുവതിയിൽ നിന്ന് തട്ടിയെടുത്തുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി മെഡിക്കൽ കോളേജിലെത്തി ഡോക്ടറുടെ മുഖത്തടിച്ചത്. പിജി വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും മുന്നിൽ വെച്ചായിരുന്നു സംഭവം. എന്താണ് സംഭവമെന്ന് അറിയാതെ ഡോക്ടര്‍ പൊലീസിൽ പരാതിയും നൽകി. തുടര്‍ന്നാണ് ആള്‍മാറാട്ടക്കഥ പുറത്തുവരുന്നത്.


