കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിന്‍റെ ചെങ്കൽ മതിലാണ് കാറിന് മുകളിലേക്ക് ഇടിഞ്ഞ് വീണ് അപകടമുണ്ടായത്
കോഴിക്കോട്: കുറ്റ്യാടിയിൽ കാറിന് മുകളിൽ സ്കൂൾ മതിലിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്ന നാലു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്കൂളിന്‍റെ ചെങ്കൽ മതിലാണ് കാറിന് മുകളിലേക്ക് ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. സ്കൂളിലേക്ക് വിദ്യാർത്ഥിയെ കൊണ്ടുവിടാൻ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
മതിലിന് സമീപത്തെ റോഡിൽ കാർ നിർത്തി അച്ഛൻ ഫോൺ ചെയ്യുന്നതിനിടെയാണ് മതിലിടിഞ്ഞ് വീണ് അപകടം ഉണ്ടായത്. മതിലിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട കാറിൽ ഈ സമയം നാല് വയസുള്ള കുട്ടി ഉണ്ടായിരുന്നു. കാറിന്റെ ഡോർ തുറന്ന് കുട്ടിയെ ഉടൻ ശ്രമകരമായി പുറത്തെടുത്തതാണ് അപകടം ഒഴിവാക്കിയത്. കാറിന് കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. മഴ ആരംഭിച്ചപ്പോൾ തന്നെയാണ് മതിലിടഞ്ഞുള്ള ദുരന്തമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

കനത്ത മഴയിൽ റോഡരികിലെ തെങ്ങ് കടപുഴകി വീണു; വയോധികയ്ക്ക് ദാരുണാന്ത്യം
അതേസമയം കനത്ത മഴയിൽ മറ്റൊരു അപകട വാർത്തയാണ് തൃശ്ശൂരിൽ നിന്നും ഇന്ന് പുറത്തുവന്നത്. തൃശ്ശൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൃശൂര്‍ എളവള്ളിയില്‍ മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച വൈകട്ടായിരുന്നു ദാരുണമായ സംഭവം അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡരികിലെ വീട്ടുപറമ്പില്‍ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാളിക്കുട്ടിയെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറത്തേക്ക് പോയിരുന്ന കാളിക്കുട്ടിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററകലെയാണ് സംഭവം. നടന്നുവരികയായിരുന്ന ഇവരുടെ ദേഹത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. അപകടത്തില്‍ കാളിക്കുട്ടിയുടെ തോളെല്ലുകള്‍ പൊട്ടി. കാലില്‍ തുടയുടെ ഭാഗത്തും തലയിലും മുറിവ് പറ്റി.
