പാലക്കാട് ബിജെപിയുടെ മൈനോറിറ്റി മോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്ന സൈദ് മുഹമ്മദ് മനസ് മടുത്താണ് പാർട്ടി വിട്ടതെന്ന് പറഞ്ഞു. 

പാലക്കാട്: പാലക്കാട് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ബിജെപിയുടെ മൈനോറിറ്റി മോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് സെയ്ദ് മുഹമ്മദാണ് കോൺഗ്രസിൽ ചേർന്നത്. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നു വെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സൈദ് മുഹമ്മദ് പറഞ്ഞു. സൈദ് മുഹമ്മദിനെ പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ കോൺഗ്രസിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.

നേരത്തെ, പാലക്കാട് കോൺ​ഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎമ്മിൽ ചേർന്നതും ജില്ലയിൽ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. കോട്ടായി മണ്ഡലം പ്രസിഡന്‍റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറി മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ, ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിന്‍റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു.

ഡിസിസി പ്രസിഡന്‍റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹൻകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം. കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും വി കെ ശ്രീകണ്ഠനുമെതിരെ മോഹൻകുമാർ രം​ഗത്തെത്തിയിരുന്നു. പാലക്കാട് കോൺഗ്രസ് വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് കോൺഗ്രസ് വിട്ട മോഹൻകുമാർ പറ‍ഞ്ഞു. ഷാഫി പറമ്പിൽ പാലക്കാട് ജയിക്കുന്നത് വർഗീയത പറഞ്ഞാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.