കടുവക്കുഞ്ഞിനെ കണ്ടെത്തിയതിന്റെ തലേന്ന് രാത്രി മുതല്‍ ഇന്നലെ വരെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. കുഞ്ഞിനെ തിരഞ്ഞാണ് തള്ളക്കടുവ ദിവസവും കുഴിക്ക് സമീപം വന്നുപോകുന്നതെന്നാണ് നാട്ടുകാരുടെ നിഗമനം.

ബത്തേരി: കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ബത്തേരി നഗരസഭാപരിധിയിലെ മന്ദംകൊല്ലിയില്‍ കടുവക്കുഞ്ഞിനെ (Tiger Cub) കുഴിയിലകപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവമുണ്ടായത്. കുഴിയില്‍ നിന്ന് കരയ്ക്കെടുത്ത കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ (Forest Department) അമ്മക്കടുവയുടെ അടുത്ത് എത്തിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളുകയാണ് മന്ദംകൊല്ലിക്കാര്‍. കടുവക്കുഞ്ഞിനെ കണ്ടെത്തിയ ദിവസം കഴിഞ്ഞ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും അമ്മക്കടുവ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

പ്രദേശവാസിയായ ഷിബു രാത്രിയില്‍ കടുവ കുഴിക്ക് സമീപത്തേക്ക് പോകുന്നത് കണ്ടുവെന്നും പറയുന്നു. കടുവയെത്തുന്ന വിവരം വനംവകുപ്പിനെ അറിയിച്ചപ്പോള്‍ സ്ഥലത്തെത്തി കുഞ്ഞിനെ കണ്ടെത്തിയ കുഴിക്ക് സമീപത്തേക്ക് പടക്കമെറിഞ്ഞ് തിരിച്ചു പോകുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുല്‍ത്താന്‍ബത്തേരി മന്ദംകൊല്ലിയില്‍ കടുവാക്കുഞ്ഞിനെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് ശേഷം ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. ദൂരെ ജോലിക്ക് പോകുന്നവര്‍ പോലും ഇരുട്ട് പരക്കുന്നതിന് മുമ്പ് വീടണയുകയാണിവിടെ. 

രാത്രി വീടിന്റെ മുറ്റത്തേക്കിറങ്ങുന്നത് പോലും അതീവജാഗ്രതയോടെയാണെന്ന് ജനങ്ങള്‍ പറയുന്നു. കടുവക്കുഞ്ഞിനെ കണ്ടെത്തിയതിന്റെ തലേന്ന് രാത്രി മുതല്‍ ഇന്നലെ വരെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. കുഞ്ഞിനെ തിരഞ്ഞാണ് തള്ളക്കടുവ ദിവസവും കുഴിക്ക് സമീപം വന്നുപോകുന്നതെന്നാണ് നാട്ടുകാരുടെ നിഗമനം.

എന്നാല്‍ പിടികൂടിയ അന്ന് രാത്രി തന്നെ തള്ളക്കടുവയുടെ അരികില്‍ കുഞ്ഞിനെ എത്തിച്ചുവെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. കുഴിക്ക് സമീപം കടുവ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി വനംവകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പതിയുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തങ്ങള്‍ പറയുന്ന കാര്യം സ്ഥിരീകരിക്കാനാവുമെന്നാണ് പ്രദേശവാസികളുടെ വാദം. അതേ സമയം കടുവയുടെ ശല്യം വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

വയനാട്ടില്‍ എവിടെയും കടുവയെത്താമെന്ന് നാട്ടുകാര്‍; മന്ദംകൊല്ലിയില്‍ ഇനിയും കടുവകളുണ്ടാകാമെന്നും ആശങ്ക
കുപ്പാടി റെയിഞ്ചിന് കീഴിലെ മന്ദംകൊല്ലിയില്‍ കടുവയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയതോടെ ജനജീവിതം വീണ്ടും ആശങ്കയിലാണ്. വയനാട്ടില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും കടുവ പ്രത്യക്ഷപ്പെടാമെന്ന നിലയിലാണ് കാര്യങ്ങളെന്നാണ് നാട്ടുകാരുടെ ആരോപണം. വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ ഇക്കാര്യം ഉന്നയിക്കുന്നത്. 2018 ലായിരുന്നു അവസാന സെന്‍സസ്. 2022ലെ സെന്‍സസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ കണക്കെടുപ്പില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. 2014ല്‍ അത് 82 ആയിരുന്നു. ഇത്തവണയും കടുവകളുടെ എണ്ണം കൂടിയേക്കുമെന്ന് തന്നെയാണു നിഗമനം. കടുവക്കുഞ്ഞിനെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയ മന്ദംകൊല്ലിയില്‍ ഇനിയും കടുവകളുണ്ടാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

ബത്തേരിയില്‍ ജനവാസമേഖലയിലെ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷിച്ചു; അമ്മക്കടുവയ്ക്കായി തെരച്ചില്‍
വയനാട് ബത്തേരി മന്ദംകൊല്ലിയിലെ ജനവാസ മേഖലയിൽ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ച് രക്ഷിച്ചു. അമ്മ കടുവയെ കണ്ടെത്തി കടുവ കുഞ്ഞിനെ വനത്തിൽ തിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബീനാച്ചി എസ്റ്റേറ്റിന് സമീപമുള്ള ബത്തേരി മന്ദം കൊല്ലിയിലെ ജനവാസ മേഖലയിൽ ആറ് മാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉന്നത വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തില്‍ കടുവയെ മയക്കുവെടി വച്ച് രക്ഷപ്പെടുത്തി.