പുല്‍തൈലം വില്‍ക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികള്‍, വീടിരിക്കുന്ന സ്ഥലത്തിന് സര്‍പ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം രണ്ടാമത്തെ മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു

തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിനി കൊള്ളിപറമ്പില്‍ വീട്ടില്‍ സുജാത (28), പടിഞ്ഞാറേ വെമ്പല്ലൂരില്‍ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടില്‍ റോജ (43) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം നടന്നത്. കാഞ്ഞാണി പുത്തന്‍കുളം വല്ലത്തുപറമ്പില്‍ സ്വര്‍ണ്ണലത (70)യാണ് തട്ടിപ്പിന് ഇരയായത്. പുല്‍തൈലം വില്‍ക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികള്‍, വീടിരിക്കുന്ന സ്ഥലത്തിന് സര്‍പ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം രണ്ടാമത്തെ മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. സര്‍പ്പകോപം തീര്‍ക്കാനായി സ്വര്‍ണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് പരാതിക്കാരി തന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറര പവനോളം സ്വര്‍ണവും 6,500 രൂപയും വഴിപാടിനായി പ്രതികള്‍ക്ക് കൈമാറി.

ആകെ 6,75,000 രൂപയുടെ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടായത്. പ്രതികള്‍ വീട്ടില്‍ നിന്നും പോയതിനുശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് മനസ്സിലായത്.തുടര്‍ന്ന് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. മോഷണ മുതലായ 48 ഗ്രാം സ്വര്‍ണ്ണം പ്രതികള്‍ വില്‍പ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയില്‍ നിന്ന് പോലീസ് വീണ്ടെടുത്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു.അന്തിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കേഴ്‌സണ്‍ വി മാര്‍ക്കോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം