മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്
മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം. ബസിനകത്തുണ്ടായിരുന്ന യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്ത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആദ്യം കാറിൽ ഇടിച്ച ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോട്ടക്കൽ ബസ്റ്റാൻഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന യുവാക്കൾ തലനാരിഴക്ക് പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദൃശ്യങ്ങൾ കാണാം
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

കുതിരാനില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു; വന്‍ അപകട സാധ്യത
അതേസമയം കുതിരാന്‍ വഴുക്കുംപാറയില്‍ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നു എന്നതാണ്. മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍ കൂടുതലായി രൂപപ്പെടുകയും ഇടിഞ്ഞു താഴുകയും ചെയ്തത്. ഏകദേശം ഒന്നരയടി താഴ്ചയിലും 10 മീറ്റര്‍ നീളത്തിലുമാണ് ഇടിഞ്ഞ് താഴ്ന്നത്. മഴ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഏതുനിമിഷവും റോഡ് 30 അടി താഴ്ചയിലേക്ക് ഇടിഞ്ഞുപോകുവാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ ആഴ്ചയില്‍ വിള്ളല്‍ രൂപപ്പെട്ട സമയത്ത് കരാര്‍ കമ്പനി ജീവനക്കാരുടെ നേതൃത്വത്തില്‍ വെള്ളമിറങ്ങി റോഡ് ഇടിയാതിരിക്കുന്നതിനുവേണ്ടി സിമന്റ് പരുക്കന്‍ ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കുകയും മുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശം കൂടുതല്‍ അപകടാവസ്ഥയിലായത്. സംഭവമറിഞ്ഞ പീച്ചി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി നായര്‍ സ്ഥലത്തെത്തി കരാര്‍ കമ്പനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുരങ്കപ്പാതയില്‍നിന്നും സര്‍വീസ് റോഡിലേക്ക് പോകുന്ന പ്രദേശം കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വച്ച് അടപ്പിച്ചിരിക്കുകയാണ്.
