മലപ്പുറത്ത് 14 കാരിയെ കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്ന് പ്രതിയായ 16 കാരൻ്റെ മൊഴി. കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
മലപ്പുറം: മലപ്പുറം തൊടിയപ്പുലത്തെ 14 കാരിയെ കൊലപെടുത്തിയത് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയായ പതിനാറുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പ്രണയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പ്ലസ് വൺ വിദ്യാര്‍ഥിയായ പ്രതി പൊലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ കുടുംബ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ച മൃതദേഹം അൽപ്പസമയം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. ശേഷം വൈകിട്ട് നാലുമണിയോടെ സമീപത്തെ കുടുംബ ശ്മശാനത്തില്‍ സംസ്ക്കരിച്ചു.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ഇക്കാര്യത്തില്‍ പ്രതിയായ പതിനാറുകാരന്‍റെ മൊഴി ശരിയാണെന്ന് വ്യക്തമായി. കഴുത്ത് ഞെരിച്ച് കൊന്നന്നായിരുന്നു ഇയാളുടെ മൊഴി. പെരിന്തല്‍മണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. കുറ്റകൃത്യത്തില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അടുപ്പത്തിലായിരുന്ന പെൺകുട്ടി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പ്രതി പ്ലസ് വൺ വിദ്യാർഥിയായ ആൺ സുഹൃത്ത് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതത്തിന് കാരണമായതായി പതിനാറുകാരൻ പറഞ്ഞു. വ്യാഴാഴ്ച്ച സ്കൂളിലേക്ക് പോയി കാണാതായ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം ബലാത്സംഗം ചെയ്തു കൊലപെടുത്തിയ നിലയില്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് മലപ്പുറം തൊടിയപ്പുലത്ത് റയിൽവേ പുറമ്പോക്ക് ഭൂമിയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് വൺ വിദ്യാർഥിയായ പ്രതി പിടിയിലായത്.


