വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്.

കഞ്ഞിക്കുഴി: ആലപ്പുഴയിൽ ഡ്രൈ ഡേയിൽ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാളെ എക്സൈസ് പിടികൂടി. ചേർത്തല കഞ്ഞിക്കുഴി മൂലം വെളിവടക്കേ കോളനിയിൽ ഷാജി( 48) ആണ് 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്.

എക്സൈസ് സംഘമെത്തി നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം ശേഖരിച്ച് വെച്ച് വില്പന നടത്തിയതായി കണ്ടെത്തി. പരിശോധനയിൽ 3.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ശ്രീലാൽ, അമൽ രാജ്, സുലേഖ, അസി. ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ബെൻസി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതിനിടെ തിരുവനന്തപുരം ചിറയിൻകീഴിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു. ചിറയിൻകീഴ് മാമ്പള്ളി സ്വദേശി ഷിബിൻ, നെടുമങ്ങാട് തൊളിക്കോട് സ്വദേശി ജയകുമാർ എന്നിവരെയാണ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന മദ്യ ശേഖരവുമായി പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് കടത്തിയ മദ്യശേഖരം പിടികൂടിയത്.

Read More :  ബത്തേരിയിൽ കടയുടെ മുന്നിൽ പാർക്ക് ചെയ്ത ബൈക്ക്, ഞൊടിയിടയിൽ കാണാനില്ല, കിട്ടിയത് കർണാടകയിൽ; മോഷ്ടാവ് പിടിയിൽ