നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കൊച്ചിയിൽ പന്ത്രണ്ടര കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി. ഒറീസയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായിരുന്നു ലക്ഷ്യം. 

കൊച്ചി: പന്ത്രണ്ടര കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പറവൂർ പെരുവാരം പൂതയിൽ വിനോദ്(46)നെയാണ് വടക്കേക്കര പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഒറീസയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് പാലക്കാട് ഇറങ്ങി അവിടെ നിന്ന് ബസിലാണ് എത്തിയത്. ഷോൾഡർ ബാഗുകളിൽ പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. പ്രതിക്കെതിരെ രണ്ട് കിലോയിലധികം കഞ്ചാവ് കൈവശം വച്ചതിന് കോതമംഗലം എക്സൈസിൽ മയക്കുമരുന്ന് കേസും, നോർത്ത്, പറവൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉണ്ട്.

മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്റെ നിർദേശ പ്രകാരം വടക്കേക്കര പോലിസ് ഇൻസ്പെക്ടർ കെ ആർ ബിജു, സബ് ഇൻസ്പെക്ടർമാരായ കെഐ നസീർ, റസാഖ്, അസി.സബ് ഇൻസ്പെക്ടർ സുനിൽ പൊലീസ് ഉദ്യോഗസ്ഥരായ നിബിൻ സിമിൽ റാം, സനിൽ, ശ്രീരാഗ് ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് വേണ്ടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ഇലക്ഷനോടനുബന്ധിച്ച് റെയ്ഡുകൾ തുടരുമെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ അറിയിച്ചു.