നാട്ടുകാർ ഉടൻതന്നെ തൊട്ടടുത്ത മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെ നടപടിക്രമങ്ങൾ വൈകിയതിനാൽ മൃതദേഹം വിട്ടുകിട്ടാൻ മണിക്കൂറുകൾ കാലതാമസം നേരിട്ടതായി ബന്ധുക്കൾ ആരോപിച്ചു.

മാന്നാർ: ആലപ്പുഴയിൽ സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. പ്ലംബിങ്, ഇലക്ട്രിക്കൽ തൊഴിലാളിയായ ചെന്നിത്തല തൃപ്പെരുന്തുറ പൈനുംതറയിൽ പ്രസാദ് (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ മാന്നാർ ഗവൺമെന്റ് ആശുപത്രി ജങ്ഷന് പടിഞ്ഞാറുവശത്താണ് സംഭവം. സൈക്കിളിൽ വരികയായിരുന്ന പ്രസാദ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ തൊട്ടടുത്ത മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ആശുപത്രിയിലെ നടപടിക്രമങ്ങൾ വൈകിയത് മൂലം മൃതദേഹം വിട്ടുകിട്ടാൻ ആറു മണിക്കൂറിലധികം കാലതാമസം നേരിട്ടതായി ബന്ധുക്കൾ പരാതിപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം വിട്ടുനൽകിയതെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് വൈകിയതും ബന്ധുക്കൾ ആദ്യം നൽകിയ റിപ്പോർട്ടിലെ അവ്യക്തതയുമാണ് കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോസ്റ്റ്‌മോർട്ടം ഒഴിവാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഇത് സാധ്യമല്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പരേതയായ പ്രീതയാണ് പ്രസാദിന്റെ ഭാര്യ. മക്കൾ: പ്രിയങ്ക, പ്രതിഭ. മരുമക്കൾ: രാജീവ്, രാജീവ്.