കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിനെ ഏൽപ്പിച്ചു മാതൃകയായി ഡ്രൈവിങ് സ്കൂൾ ഉടമ. കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിങ് സ്കൂൾ ഉടമ എ സജീവ് കുമാർ ആണ് ഒരു പവനോളം വരുന്ന മാല പൊലീസിനെ ഏൽപ്പിച്ചത്. റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് മാല ലഭിച്ചത്. 

ചേർത്തല: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിങ് സ്കൂൾ ഉടമ എ സജീവ് കുമാർ മാതൃകയായി. പള്ളേച്ചിറ ശ്യാംകുമാറിന്റെ മകൻ റോക്കി ശ്യാമിന്റേതാണ് നഷ്ടപ്പെട്ട ഒരു പവനോളം വരുന്ന മാല. വ്യാഴാഴ്ച വൈകിട്ട് ചേർത്തല റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് സജീവ് കുമാറിന് മാല ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രാഥമിക അന്വേഷണത്തിൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ അദ്ദേഹം മാല ചേർത്തല പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ അറിയിപ്പിലൂടെയാണ് ഉടമയെ തിരിച്ചറിഞ്ഞത്. മകനെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരുമ്പോഴാണ് മാല നഷ്ടപ്പെട്ടതെന്നും വീട്ടിൽ എത്തിയശേഷമാണ് വിവരമറിഞ്ഞതെന്നും ശ്യാംകുമാർ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ശ്യാംകുമാർ സ്റ്റേഷനിലെത്തി സജീവ് കുമാറിൽ നിന്ന് മാല ഏറ്റുവാങ്ങി. ചേർത്തല സ്റ്റേഷൻ ഓഫീസര്‍ ബി ഹേമന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസര്‍ കെ പ്രമോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്.