കൊല്ലം ചെമ്പനരുവിയിൽ തേൻ വിൽക്കാൻ പോയ മധ്യവയസ്കനായ സുദേവനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ അരയ്ക്ക് താഴെ മുറിവുകളുള്ളതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം: തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പനരുവി ചെരുപ്പിട്ടകാവ് മുള്ളുമല ഗിരിജൻ ഉന്നതിയിലെ താമസക്കാരനായ സുദേവൻ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും തേനുമായി കച്ചവടത്തിന് പോയ സുദേവനെ തൊട്ടടുത്ത കാട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം അറിയിച്ചത് അനുസരിച്ച് വാർഡ് മെമ്പറായ കവിത സോമരാജൻ സ്ഥലത്തെത്തി. ശേഷം പൊലീസിനെയും വിവരം അറിയിച്ചു.
പൊലീസെത്തിയ ശേഷം മൃതദേഹത്തിൽ പ്രാഥമിക പരിശോധന നടത്തി. മരിച്ച സുദേവൻ്റെ ശരീരത്തിൽ അരയ്ക്കു താഴേക്ക് മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ച് പോസ്റ്റ‌്മോർട്ടം നടത്തി. അരയ്ക്ക് താഴെ കണ്ട മുറിവാണോ മരണ കാരണമെന്നും ഈ മുറിവ് എങ്ങനെയുണ്ടായതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണ് ബന്ധുക്കളും നാട്ടുകാരും പ്രതീക്ഷിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. മരണകാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് നാട്ടുകാർക്ക് ഉറപ്പ് നൽകി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.


