രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. കല്ലറ കെ ടി കുന്ന് എംജി കോളനി സ്വദേശി കൃഷ്ണ പ്രസാദിനെ ആണ് കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം: ഏഴു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കല്ലറ കെ ടി കുന്ന് എംജി കോളനിയിൽ ഹരിവിലാസത്തിൽ കൃഷ്ണ പ്രസാദിനെ (25) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി വി വിനോദ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 35 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കാനുമാണ് ശിക്ഷിച്ചത്.

തുക അതിജീവിതയ്ക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ പ്രതി ഏഴുമാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കേസിനാസ്‌പദമായ സംഭവം. ബന്ധുവീട്ടിലായിരുന്നു കുട്ടി. ആളില്ലാതിരുന്ന സമയം കുട്ടി കളിച്ചുകൊണ്ടിരിക്കെ മുറിയിൽ കയറിയാണ് കൃഷ്ണപ്രസാദ് പീഡിപ്പിച്ചത്. പ്രതി കുട്ടിയെ അശ്ലീല വീഡിയോകളും കാണിച്ചിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി.

പിന്നീടൊരിക്കൽ കുട്ടി തൻ്റെ കൂട്ടുകാരുമായി സംസാരിച്ചിരിക്കെ അപ്രതീക്ഷിതമായി തനിക്ക് ഉണ്ടായ ഉപദ്രവം അവരോടു പറയുകയും കൂട്ടുകാർ വിവരം പുറത്തറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് കേസ് എടുത്ത് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്‌തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു‌. അന്നത്തെ പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ ജിനേഷ് ജെ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.