റോഡിൽ നിൽക്കുകയായിരുന്ന കുമാരപുരം സ്വദേശികളായ വിഷ്ണു, ശ്രീജിത്ത്, ശിവൻ എന്നിവരെ ബൈക്കിലെത്തിയ ആദിത്യനും രണ്ടാം പ്രതി കായൽവാരത്ത് വീട്ടിൽ കിഷോറും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിഷ്ണുവിന്റെ ഇടതു വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു.

ഹരിപ്പാട്: ആലപ്പുഴയിൽ യുവാക്കളെ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുമാരപുരം താമല്ലാക്കൽ തെക്കുമുറിയിൽ ആദിത്യനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം ഷുഹൈബ് ശിക്ഷിച്ചത്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവെയാണ് ആദിത്യന് ഈ കേസിൽ കൂടി പുതിയ ശിക്ഷാവിധി ഉണ്ടാകുന്നത്. 2016 ജൂൺ 28-ന് രാത്രി പത്തോടെ കുമാരപുരം ഹെൽത്ത് സെന്ററിന് സമീപമായിരുന്നു സംഭവം. 

റോഡിൽ നിൽക്കുകയായിരുന്ന കുമാരപുരം സ്വദേശികളായ വിഷ്ണു, ശ്രീജിത്ത്, ശിവൻ എന്നിവരെ ബൈക്കിലെത്തിയ ആദിത്യനും രണ്ടാം പ്രതി കായൽവാരത്ത് വീട്ടിൽ കിഷോറും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിഷ്ണുവിന്റെ ഇടതു വാരിയെല്ലിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്നവരുടെ വിരലുകൾക്കും മുറിവേറ്റു. പലതവണ കാപ്പ നടപടികൾക്ക് വിധേയരായിട്ടുള്ളവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി കിഷോർ ഒളിവിലായതിനാൽ ഇയാളുടെ വിചാരണ പിന്നീട് നടക്കും. 

ഹരിപ്പാട് എസ് ഐ എസ് എസ് ബൈജു, എ എസ് ഐ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ഷാരി ഹാജരായി. എസ് സി പി ഒ ബാൽരാജ്, സി പി ഒ സി അമൽ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.