മലപ്പുറം പയ്യനാട് ആൾമറയില്ലാത്ത കിണറ്റിൽ വീണ പത്തുവയസ്സുകാരനായ മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവും കിണറ്റിൽ കുടുങ്ങി. വിവരമറിഞ്ഞെത്തിയ മഞ്ചേരി അഗ്‌നിരക്ഷാസേനയാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. കാലിന് പരിക്കേറ്റ മകനെയും അവശനായ പിതാവിനെയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: കിണറ്റില്‍ വീണ മകനെയും രക്ഷിക്കാനിറങ്ങിയ പിതാവിനെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പയ്യനാട് ചോലക്കല്‍ മേച്ചേരി വീട്ടില്‍ ഷാഹിദാണ് (10) വീട്ടിലെ 35 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. ഇതോടെ മകനെ രക്ഷിക്കാന്‍ പിതാവ് മുസ്തഫ (46) കിണറ്റിലിറങ്ങി. മുസ്തഫക്ക് കിണറ്റിൽ ഇറങ്ങിയ ശേഷം അവശത തോന്നുകയും മകനെ രക്ഷിക്കാൻ കഴിയാതാവുകയും ചെയ്തു. വിവരമറിഞ്ഞ് അധികം വൈകാതെ സ്ഥലത്തെത്തി മഞ്ചേരി അഗ്‌നിരക്ഷസേന അംഗങ്ങളാണ് ഇരുവർക്കും രക്ഷകരായത്. അഗ്‌നിരക്ഷാസേന സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. പ്രതീഷ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ എം.വി. അനൂപ് എന്നിവര്‍ ഇറങ്ങി റസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഇരുവരെയും കിണറന് പുറത്തെത്തി ച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കാലിന് പൊട്ടലേറ്റ ഷാഹിദിനെയും മുസ്തഫയെയും അഗ്‌നിരക്ഷാസേന ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടായിരുന്ന കിണറ്റിലെ രക്ഷാപ്രവര്‍ത്തനം വളരെ മികച്ച രീതിയിലാണ് സേന കൈകാര്യം ചെയ്തത്.


