പനങ്ങാട് മാടവന സിഗ്നലിനു സമീപത്ത് നിന്ന് യൂണിയൻ തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കടവന്ത്ര സ്വദേശിയായ നവീൻ കുമാറിനെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച വാഹനം സുഹൃത്തിന് നൽകിയ നിലയിൽ എളമക്കരയിൽ നിന്ന് കണ്ടെത്തി.

കൊച്ചി: പനങ്ങാട് യൂണിയൻ തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കടവന്ത്ര ഗാന്ധി നഗർ സ്വദേശി നവീൻ കുമാറിനെ (27) പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. മാടവന സിഗ്നലിനു സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചു കടന്നത്. സംഭവത്തിന് ശേഷം പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പൊലീസ് നവീൻ കുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തിയ സ്കൂട്ടർ സ്വന്തം വാഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ എളമക്കര സ്വദേശിയായ സുഹൃത്തിന് ഉപയോഗിക്കാൻ നൽകിയിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പോലീസ് വാഹനം എളമക്കര ഭാഗത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. പനങ്ങാട് എസ്എച്ച്ഒ മിഥുൻ മോഹൻ, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, പ്രശാന്ത് പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.