കാർ പിന്തുടർന്നെത്തിയ ഇരുചക്ര യാത്രക്കാരൻ പിന്നാലെയെത്തി റോഡിൽ നിന്ന് ചെളി വാരി കാറിൽ വാരിയിട്ടാണ് പ്രതിഷേധിച്ചത്.
ചന്തിരൂർ: മഴ പെയ്ത് ചെളിക്കുളമായ റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞുപോകാറുണ്ടോ. സമീപത്ത് കൂടി കടന്ന് പോകുന്ന ചെറുവാഹനങ്ങളെയും അതിലെ യാത്രക്കാരുടേയും മേൽ ചെളി വെള്ളം തെറിപ്പിക്കുന്നത് നിസാര കാര്യമായി കണക്കാക്കണ്ട. അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഇരുചക്ര വാഹനയാത്രക്കാരന്റെ ദേഹത്തേക്ക് ചെളി തെറിപ്പിച്ച് മുന്നോട്ട് നീങ്ങി. കാർ പിന്തുടർന്നെത്തിയ ഇരുചക്ര യാത്രക്കാരൻ പിന്നാലെയെത്തി റോഡിൽ നിന്ന് ചെളി വാരി കാറിൽ വാരിയിട്ട് പ്രതിഷേധിച്ചു. ആലപ്പുഴ ചന്തിരൂർ സ്കൂളിന് സമീപമാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഉയരപ്പാത നിർമ്മാണത്തിന് പിന്നാലെ മേഖലയിൽ സമാന സംഭവങ്ങൾ പതിവ്
കാറിൽ ചെളി വാരിയിടുന്ന ഹെൽമറ്റ് ധരിച്ചയാളോട് കാർ ഓടിച്ചയാൾ സംസാരിക്കാൻ ശ്രമിക്കുന്നതും ഇത് പരിഗണിക്കാതെ കാറിൽ ചെളി വാരി വിതറുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുള്ളത്. സമാനമായ മറ്റൊരു സംഭവത്തിൽ ഇതേ പാതയിലാണ് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയത് കഴിഞ്ഞ മാസമാണ്. ചെളിവെള്ളം സ്കൂട്ടർ യാത്രക്കാർക്ക് മേലെ വീണതിനേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കോഴിക്കോട് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് ഉപേക്ഷിച്ച് ജീവനക്കാർ പോയത്.

