ആലപ്പുഴയിലെ ചെന്നിത്തലയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ചെന്നിത്തല പഞ്ചായത്തിനെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം. 

മാന്നാർ: ചെന്നിത്തല പഞ്ചായത്തിനെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും മാവേലിക്കര എക്സൈസ് സംഘവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രദേശത്ത് ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊഴിലാളികൾ താമസിക്കുന്ന മുറികളിലും പരിസരങ്ങളിലും അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു വൻതോതിലുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഈ ലഹരിവസ്തുക്കൾ പ്രദേശത്തെ തൊഴിലാളികൾക്കിടയിലും യുവാക്കൾക്കിടയിലും വൻ വിലയ്ക്കാണ് വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പഞ്ചായത്ത് പരിധിയിലെ പതിനഞ്ചോളം പെട്ടിക്കടകളിലും തട്ടുകടകളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂർണമായും നശിപ്പിക്കുകയും നിയമലംഘകരിൽനിന്ന് വൻ തുക പിഴയായി ഈടാക്കുകയും ചെയ്തു.

ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. ജനപ്രതിനിധികളായ സിബു വർഗീസ്, ദീപ രാജൻ, തോമസ് കുട്ടി, ബിനു സി, പ്രദീപ് പ്രഭാകരൻ, സുജിത്ത്, ശാലിനി, സുമ വിശ്വാസ് എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, ശ്രീവിദ്യ, ബിൻസി രവീന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തോടൊപ്പം പരിശോധനയിൽ സജീവമായി പങ്കെടുത്തു. പഞ്ചായത്ത് പരിധിയിൽ ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും ഇത്തരം കേന്ദ്രങ്ങളിൽ കർശന നിരീക്ഷണവും റെയ്ഡുകളും തുടരുമെന്നും അധികൃതർ അറിയിച്ചു.